ശ്രീനഗറില്‍ ഒരു പാക്കറ്റ് ചപ്പാത്തിക്ക് 50 രൂപയെങ്കില്‍ മുസഫറബാദില്‍ അത് 300 രൂപ; രണ്ടുവര്‍ഷത്തിനുള്ളില്‍ 300 ശതമാനം വിലക്കയറ്റം; കശ്മീര്‍ പുരോഗതിലേക്ക് കുതിക്കുമ്പോള്‍ ഭൂമിയിലെ നരകമായി പാക് അധീന കാശ്മീര്‍; സമരക്കാരുടെ പ്ലാന്‍ ഡി എന്ത്? പിഒകെ ഇന്ത്യയുടെ കൈകളില്‍ തിരിച്ചെത്തുമോ!
ശ്രീനഗറില്‍ ഒരു പാക്കറ്റ് ചപ്പാത്തിക്ക് 50 രൂപയെങ്കില്‍ മുസഫറബാദില്‍ അത് 300 രൂപ
സ്വന്തം ജനതക്കുനേരെ പട്ടാളം വെടിവെക്കുക എന്നത് ലോകത്തില്‍ അപൂര്‍വങ്ങളില്‍ അപുര്‍വമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ അത് പുതുമയല്ല. വെടിവെപ്പ് മാത്രമല്ല, ബോംബാക്രമണംപോലും സ്വന്തം ജനതക്കുനേരെ നടത്തിയ രാജ്യമാണിത്! അതും വെറും ഒരാഴ്ച മുമ്പ്, ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക് താലിബാനെ ഒതുക്കാനായാണ് പാക്കിസ്ഥാന്‍ ബോംബിങ്ങ് നടത്തിയിരിക്കുന്നത്. അതില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ വന്‍പ്രതിഷേധമാണ് പാക് സര്‍ക്കാറിനെതിരെ ഉയരുന്നത്. തങ്ങള്‍ തന്നെ പാലൂട്ടി വളര്‍ത്തിയ, പാക്കിസ്ഥാനിലെ ഹമാസ് എന്ന പേരില്‍ അറിയപ്പെടുന്ന തെഹ്രിക്ക് എ താലിബാനാണ്, അഫ്ഗാന്‍ താലിബാന്റെ പിന്തുണയുടെ ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയില്‍ ഭീഷണിയായത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ 60ഓളം ഭീകരാക്രമണങ്ങളാണ് പാക് താലിബാന്‍ നടത്തിയത്. ഇവരെ ഒതുക്കാനും അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഓടിക്കാനുമാണ് പാക്കിസ്ഥാന്‍ ബോംബിങ്ങ് നടത്തേണ്ടിവന്നത്.
അത് കഴിഞ്ഞ് ഒരാഴ്ചക്കുശേഷം ഇപ്പോഴിതാ പാക്ക് അധിനിവേശ കാശ്മീരിലെ രണ്ട് സിവിലിയന്‍മ്മാരെയാണ് പാക്കിസ്ഥാന്‍ വെടിവെച്ച് കൊന്നിരിക്കുന്നത്. ്2023മുതല്‍ പാക്കിസ്ഥാന്റെ അവഗണനക്കെതിരെ ഇടക്കിടെ പുകയുന്ന പ്രദേശമാണിത്. പട്ടിണിയും വിലക്കയറ്റവും മൂലം നട്ടം തിരിഞ്ഞ ജനം, പലകുറി പാക് ഭരണകൂടത്തിനുനേരെ തിരിഞ്ഞിരുന്നു. ഗില്‍ജിത്ത് ബള്‍ട്ടിസ്ഥാന്‍ മേഖലയിലും, ബലൂചിസ്ഥാനിലും, സമാനമായ പാക് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉയരുന്നുണ്ട്. അതായത് രാജ്യത്തിന്റെ നാലുപാടുനിന്നും ഭീഷണികള്‍ നേരിടുകയാണ്, ഇന്ത്യയെ തകര്‍ക്കുമെന്ന് വീമ്പടിക്കുന്ന പട്ടാള മേധാവി അസീം മുനീര്‍ വാഴുന്ന രാജ്യം! പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആണെങ്കിലും അവിടെ കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത്, പട്ടാള മേധാവി അസീം മുനീര്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്.
എറ്റവും ഞെട്ടിക്കുന്നത്, നാം അധിനിവേശ കശ്മീര്‍ എന്നും, പാക്കികള്‍ ആസാദ് കാശ്മീര്‍ എന്നും വിളിക്കുന്ന ഈ പ്രദേശത്തുനിന്ന് പാക്കിസ്ഥാനെതിരെ ആസാദി മുദ്രാവാക്യങ്ങള്‍ ഉയരുന്നുവെന്നതാണ്? പാക്കിസ്ഥാനില്‍നിന്ന് ഒരു സ്വതന്ത്രരാജ്യ പദവിയോ, അതുപോലെ ഇന്ത്യയിലേക്ക് കൂടുമാറലോ നടക്കണമെന്ന് പ്രക്ഷോഭകാരികളില്‍ പലരും പറയുന്നതായി, നിഷ്പക്ഷരായ വ്ളോഗര്‍മാര്‍ പറയുന്നുണ്ട്. ഇന്ത്യക്ക് ഈ അവസരം മുതലെടുക്കാന്‍ കഴിയുമോ എന്നും ലോകമാധ്യമങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.
സ്വന്തം ജനതയെ വെടിവെച്ച് കൊല്ലുന്നു!
പിഒകെയില്‍ പാക്ക് സൈന്യവും, ഐസ്ഐ നിയന്ത്രിക്കുന്ന മുസ്ലീം കോണ്‍ഫറന്‍സ് അംഗങ്ങളും നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദില്‍ നടന്ന പ്രക്ഷോഭത്തിലാണ് വെടിവെപ്പുണ്ടായത്. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ ആളിക്കത്തുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഉരുക്കു മുഷ്ടിയാണ് പട്ടാള മേധാവി അസിം മുനീര്‍ പ്രയോഗിക്കുന്നത്. ഇതില്‍ എറ്റവും വിചിത്രം മുസ്ലീം കോണ്‍ഫറന്‍സ് എന്ന ഭീകര അര്‍ധ മിലീഷ്യയെ പാക് പട്ടാളം കയറൂരി വിട്ടിരിക്കുന്നുവെന്നതാണ്. യമനിലെ ഹൂതികളെയും, ലബനോണിലെ ഹിസ്ബുല്ലയെയും പോലെ ഒരു പ്രോക്സി സേനയെ പാക്ക് പട്ടാള മേധാവി അസിം മുനീര്‍ വളര്‍ത്തിയെടുത്തിരിക്കയാണ്. ഇവര്‍ സിവിലിയന്‍ വേഷത്തില്‍ കയറി, അധിനിവേശ കാശ്മീരിലെ സാധാരണക്കാരെ അടിച്ചൊതുക്കുകയാണ്! ( നമ്മുടെ നാട്ടില്‍ നടന്ന സിഐഎ സമരത്തെ ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കുറേ ബജ്രംഗ്ദളുകാരെ തോക്ക് കൊടുത്ത് ആളുകളുടെ ഇടയിലേക്ക് ഇറക്കിവിട്ടാല്‍ എങ്ങനെയിരിക്കും. ഇന്ത്യയില്‍ അത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല)
ഒരാള്‍ അന്തരീക്ഷത്തിലേക്ക് വെടിവെക്കുന്നതിന്റെയും, പതാകയേന്തിയ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും മറ്റുചിലര്‍ കാറിന് മുകളില്‍ കയറി പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ വെടിവെച്ചത് മുസ്ലീം കോണ്‍ഫറന്‍സുകാര്‍ ആണെന്നാണ് പറയുന്നത്. പാക് സര്‍ക്കാര്‍ വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. ആയുധങ്ങളുമായി സൈനിക വ്യൂഹങ്ങള്‍ പാക് അധീന കശ്മീരില്‍ ഫ്‌ളാഗ് മാര്‍ച്ചുകള്‍ നടത്തി. ആയിരക്കണക്കിന് സൈനികരെ പഞ്ചാബില്‍നിന്ന് ഇവിടേക്ക് മാറ്റിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ വഴികള്‍ അടച്ച കഴിഞ്ഞു. തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കി. ഇതിന് പുറമെ ഇസ്ലാമാബാദില്‍നിന്ന് 1,000 അധിക പോലീസ് ഉദ്യോഗസ്ഥരെയും അയച്ചിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക് അധീന കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ സിവിലിയന്‍ പ്രക്ഷോഭമാണിത്.
എന്നാല്‍ ഇതുകൊണ്ട് ഒന്നും തങ്ങള്‍ പിന്‍മാറുന്ന പ്രശ്നമില്ലെന്നാണ് അവാമി ആക്ഷന്‍ കമ്മിറ്റി ( എഎസി) എന്ന പ്രക്ഷോഭകാരികളുടെ സംഘടന പറയുന്നത്. കുറെയേറെ സംഘടനകള്‍ ഒന്നിച്ച് രൂപീകരിച്ച സംഘടനയാണിത്. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണവും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളെ തങ്ങളുടെ കീഴില്‍ ഇവര്‍ അണിനിരത്തിയിട്ടുണ്ട്.
'ഞങ്ങളുടെ സമരം ഏതെങ്കിലും സ്ഥാപനത്തിനെതിരെയല്ല, മറിച്ച് 70 വര്‍ഷത്തിലേറെയായി ഞങ്ങളുടെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്കുവേണ്ടിയാണ്.' എഎസിയുടെ പ്രധാന നേതാവായ ഷൗക്കത്ത് നവാസ് മിര്‍ മുസാഫറാബാദില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 'സഹിച്ചത് മതി. ഒന്നുകില്‍ അവകാശങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ ജനങ്ങളുടെ രോഷം നേരിടുക.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനിശ്ചിതകാലത്തേക്ക് നീണ്ടേക്കാവുന്ന 'ഷട്ടര്‍-ഡൗണ്‍, വീല്‍-ജാം' പണിമുടക്കിനുള്ള ആഹ്വാനം നേരത്തെ തന്നെ അവാമി ആക്ഷന്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇപ്പോള്‍ അത് വീണ്ടും ആളിക്കത്തി. പിഒകെ ഭരണകൂടവും കേന്ദ്രമന്ത്രിമാരുമായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കാന്‍ എഎസി തീരുമാനിച്ചത്.
ബംഗ്ലാദേശ് മോചനത്തിന് സമാനം
ഒരേ ദിവസം രൂപം കൊണ്ട ഉത്തര കൊറിയയും, ദക്ഷിണ കൊറിയയും ഒന്ന് താരതമ്യം ചെയ്യുക. ദക്ഷിണകൊറിയ ക്യാപിറ്റലിസ്റ്റ് ഇക്കോണമിയിലുടെ വളര്‍ന്ന് വികസിച്ചപ്പോള്‍, ഉത്തര കൊറിയ കമ്യൂണിസ്റ്റ് ഭീകരത പുളയ്ക്കുന്ന രാജ്യമായി മാറി. സമാനമാണ് ഇന്ത്യയുടെ കൈയിലുള്ള കാശ്മീരിന്റെയും, പാക്കിസ്ഥാന്‍ പിടിച്ചുവെച്ച പിഒകെയുടെയും അവസ്ഥ.
പാക്ക് പിന്തുണയോടെ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളെയെല്ലാം അതിജീവിച്ച്, കാശ്മീര്‍ ഇപ്പോള്‍ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും വന്നിരിക്കയാണ്. 370-ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കാശ്മീരിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലടക്കം കുത്തനെയുള്ള വര്‍ധനവാണുണ്ടായത്. ഈയിടെ ലഡാക്കിലടക്കം പ്രക്ഷോഭങ്ങളും മരണങ്ങളും ഉണ്ടെങ്കിലും, കാശ്മീരിന്റെയും പിഒകെയുടെയും അവസ്ഥ താരതമ്യം ചെയ്താല്‍ അത് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും പോലെയാണ്. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ കശ്മീരില്‍ 50 രൂപക്ക് ഒരു പാക്കറ്റ് ചപ്പാത്തി കിട്ടും. എന്നാല്‍ പിഒകെയില്‍ ഒരുപാക്ക് ചപ്പാത്തിക്ക് 300 രൂപയാണ് വില! പാലിനും പച്ചക്കറിക്കുമെല്ലാം തീവിലയാണ്. പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നതോടെ 200-300 ശതമാനം വിലക്കയറ്റമാണ് ഇവിടെ കാശ്മീരിനെ അപേക്ഷിനോക്കുമ്പോഴുള്ളത്. 72 ശതമാനം സാക്ഷരതയുണ്ടായിട്ടും, ഇപ്പോഴും പിഒകെയിലെ 40 ശതമാനവും ദരിദ്ര്യരേഖക്ക് താഴെ തന്നെയാണ്.
പാക്കിസ്ഥാന്‍ തങ്ങളെ അവഗണിക്കുന്നുവെന്നത്, വര്‍ഷങ്ങളായി അധിനിവേശ കാശ്മീരികളുടെ പരാതിയാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനില്‍ ലയിക്കണം എന്നല്ല സ്വതന്ത്ര്യ രാജ്യം വേണം എന്ന് ആഗ്രഹമുള്ളവരും ഇവിടെ വളര്‍ന്നുവരികയാണ്. പാക്കിസ്ഥാന്‍ എന്നാല്‍ വെറും സിന്ധും പഞ്ചാബുമാത്രമാണെന്നാണ് അവാമി ആക്ഷന്‍ കമ്മിറ്റി അടക്കമുള്ളവര്‍ പറയുന്നത്. മറ്റുപ്രദേശങ്ങളോട് മുഴുവന്‍ പാക് ഭരണകൂടങ്ങള്‍ക്ക് അവഗണനയാണ്. പാക്കിസ്ഥാനിലെ പ്രധാന നേതാക്കള്‍ പഞ്ചാബ്- സിന്ധ് മേഖലയില്‍ നിന്നുള്ളവരാണ്. ബംഗ്ലാദേശ് മോചനത്തിന് ഇടയാക്കിയത് ഇതേ പ്രശ്നമായിരുന്നു.
വിലക്കയറ്റവും തൊഴിലില്ലായ്മയുംകൊണ്ട് ജനം പൊറുതിമുട്ടിയിരിക്കയാണ്. ആവശ്യത്തിന് ധാന്യപ്പൊടിപോലുമില്ല. സത്യത്തില്‍ ജനങ്ങളുടെ ആഹാരത്തിന് സമരമാണ് ഇതെന്നാണ്, കശ്മീര്‍ ടൈംസ് പത്രം പറയുന്നത്. പാകിസ്ഥാന്റെ രണ്ടാം വലിയ ജലവൈദ്യുത നിലയമായ മംഗള ജലവൈദ്യുത പദ്ധതി പിഒകെയിലാണ്. ഈ പദ്ധതി വരുമ്പോള്‍ പറഞ്ഞിരുന്നത് നാട്ടുകാര്‍ക്ക് സബ്സിഡി നിരക്കില്‍ വൈദ്യുതി കിട്ടുമെന്നായിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. തങ്ങളുടെ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വൈദ്യുതിക്കുപോലും, ഇരട്ടിച്ചാര്‍ജ് നല്‍കേണ്ട അവസ്ഥയിലാണ് പിഒകെക്കാര്‍. ന്യായമായ വൈദ്യുതി ചാര്‍ജ്, വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയ കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കുക എന്നിവയടക്കം, 38 ആവശ്യങ്ങളാണ് അവാമി ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുന്നത്.
2024 മെയ് മാസത്തിലും വിലക്കയറ്റത്തിലും നികുതി വര്‍ധനവിലും ക്ഷാമത്തിലും പ്രതിഷേധിച്ച് പി.ഒ.കെയില്‍ ജനങ്ങളുടെ പ്രതിഷേധ പരമ്പര നടന്നിരുന്നു. മെയ് 11ന് നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാസേനയും സമരക്കാരും പരസ്പരം ഏറ്റുമുട്ടി. ഒരു പൊലീസുകാരന്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് വ്യാപാരികളുടെ സംഘടനയായ ജമ്മു-കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തുകയും എഴുപതോളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘടന മുസാഫറാബാദിലേക്ക് ആഹ്വാനം ചെയ്ത മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നേരത്തെ 2003ലും പിഒകെയില്‍ പാക്കിസ്ഥാനെതിരെ സമരം നടന്നിരുന്നു.
ലോകത്തിന്റെ തീവ്രവാദ ഫാക്ടറി
പാക്കിസ്ഥാന്‍ തങ്ങളുടെ നാടിന്‍െ ലോകത്തിന്റെ തീവ്രവാദ ഫാക്ടറിയാക്കിമാറ്റിയെന്നാണ് വിദേശത്തുള്ള, അവാമി ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. കാശ്മീരിനെ പൊതുവേ ഭൂമിയിലെ സ്വര്‍ഗം എന്ന് പറയുന്നതുപോലെയാണ് പിഒകെയിലെയും ഭൂപ്രകൃതി. കൊതിപ്പിക്കുന്ന മഞ്ഞ് മലകളും, കാല്‍പ്പനികത തുളുമ്പിനില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും പൈന്‍ മരങ്ങളും, സഞ്ചാരികളെ മാടിവിളിക്കുന്ന തടാകങ്ങളുമെല്ലാം എല്ലാം അധിനിവേശ കാശ്മീരിലും ഉണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം ശാന്തം സുന്ദരം. പക്ഷേ അകത്തേക്ക് ചെന്ന് പരിശോധിക്കുമ്പോഴാണ് നാം ഈ നാട് നരകമാണെന്ന് മനസ്സിലാവുക.
ശരിക്കും പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറിയാണ് ഈ നാട്. ലഷ്‌ക്കറേ ത്വയ്യിബ്ബയുടെ നേതൃത്വത്തില്‍ മാത്രം ഇവിടെ ആയിരത്തിലേറെ തീവ്രവാദ ക്യാമ്പുകളാണ് 90കളില്‍ പരസ്യമായി നടത്തിയിരുന്നത്. പാക്ക് സര്‍ക്കാറിന്റെ പിന്തുണയോടുകൂടി മദ്രസകളോട് ചേര്‍ന്ന് മതപഠനത്തിന് ഒപ്പമാണ് ഇവിടെ തീവ്രവാദ പരിശീലനവും, കൗമാരക്കാര്‍ക്കായി നടത്തുന്നത്. ഇവരില്‍ നല്ലൊരു വിഭാഗത്തേയും വിടുക ഇന്ത്യയിലേക്കാണ്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി, കാശ്മീരിലെത്തി അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്ന, ഈ ക്യാമ്പുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നതുകൊണ്ടും, പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നതുകൊണ്ടും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യമായി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാറില്ല.
താലിബാനും, ഐസിസും തൊട്ട് ഷിയ തീവ്രവാദത്തിനും ബോക്കോഹറാം തീവ്രവാദികള്‍ക്കുവരെ ബ്രാഞ്ചുകള്‍ ഉള്ള പ്രദേശമാണിത്. ഇത് പലപ്പോഴും പാക്ക് സര്‍ക്കാറിന് തന്നെ ഭീഷണിയായി. ഇന്ത്യയെ തകര്‍ക്കാനുള്ള കള്ളനോട്ടിന്റെ ഹബ്ബായി പ്രവര്‍ത്തിച്ച ചരിത്രവും, അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിന് പറയാനുണ്ട്. നേപ്പാള്‍ വഴി വന്‍തോതില്‍ ഇന്ത്യയിലേക്ക് കള്ളനോട്ട് ഇറക്കുന്ന രീതി ഇവിടെ വ്യാപകമായി നടന്നിരുന്നു. ഗാന്ധിത്തലയുള്ള നോട്ടുകള്‍ കൊടുത്താല്‍ ജിന്നയുടെ തലയുള്ള നോട്ടുകള്‍ കിട്ടിയ കാലം നേരതെ ഉണ്ടായിരുന്നു.
അടിസ്ഥാനപരമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു വലിയ വ്യത്യാസം ഇവിടെ പ്രകടമാണ്. കാശ്മീരിനെ തീവ്രവാദ മുക്തമാക്കാനും വികസനത്തിലേക്ക് നയിക്കാനുമാണ് ഇന്ത്യ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിനെ അവഗണിക്കുകയാണെന്ന് ഇന്ന് തലക്ക് ഓളമുള്ളവര്‍ക്കും, കടുത്ത മത തീവ്രവാദികള്‍ക്കും അല്ലാതെ പറയാന്‍ കഴിയില്ല. കോടിക്കണക്കിന് രൂപയുടെ പദ്ധതികളും പാക്കേജുകളുമാണ് കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ നടപ്പാക്കുന്നത്.
എന്നാല്‍ അധിനിവേശ കാശ്മീരിനൈ വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ അവരെ കൃത്യമായി അവഗണിച്ച് കൊണ്ടിരിക്കയാണ്. സിയാവുല്‍ ഹഖിനെപ്പോയുള്ള അതിക്രൂരന്‍മ്മാരായ ഭരണാധികള്‍ക്ക്, തങ്ങളുടെ അജണ്ടക്ക് അനുസരിച്ച് കൊല്ലാനും ചാവാനും, കത്തിക്കാനുമുള്ള തീവ്രവാദികളെ സൃഷ്ടിക്കാനുള്ള സ്ഥലം ആയിരുന്നു ഇത്. പാക്കിസ്ഥാന്‍ ഈ മേഖലയെ തങ്ങളുടെ ചാര സംഘടനയായ ഐസ്ഐക്ക് പതിച്ച് കൊടുക്കുക ആയിരുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നത്.
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനായി ലശ്ക്കര്‍, ജെയ്ഷേ തീവ്രവാദികള്‍ക്ക് പരിശീലനം കൊടുക്കുന്ന ഒരു ഹബ്ബായി ഇത് 90കളില്‍ മാറിയിരുന്നു. പാക്കിസ്ഥാന്‍ ആര്‍മി ഓഫീസര്‍മാര്‍ തന്നെ ആയിരുന്നു, ഈ പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഓര്‍ക്കണം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി അജ്മല്‍ കസബിന്വരെ പരിശീലനം കിട്ടിയത് പിഒകെയുടെ തിലസ്ഥാനമായ മുസഫറാബാദില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച കസബിനെ, പണവും ഓഫറുകളും നല്‍കി, മനസ്സിലേക്ക് തീവ്രവാദത്തിന്റെ വിത്തിട്ട്, ചാവറാക്കി മാറ്റിയതും സാക്ഷാല്‍ ഐഎസ്ഐ തന്നെ ആയിരുന്നു. ഇങ്ങനെ ആയിരക്കണിക്ക് കുട്ടികളുടെ ജീവിതമാണ് ഇവര്‍ ഇല്ലാതാക്കുന്നത്.
തീവ്രവാദത്തിന് തീവെട്ടി പിടിച്ചുകൊണ്ട് നടത്തുന്ന ഈ കളി തീക്കളിയാണെന്ന് പാക്കിസ്ഥാന്‍ ഈയടുത്താണ് അറിഞ്ഞത്. കാരണം താലിബാനും, അല്‍ഖായിദക്കും, ഐസിസിനും തൊട്ട് സകല ഇസ്ലാമിക തീവ്രാവാദ സംഘനകള്‍ക്കും ഇവിടെ ബ്രാഞ്ചായി. പാക്ക് താലിബാന്‍ ശക്തി പ്രാപിച്ചു. ചില ഭാഗങ്ങളില്‍ ഷിയാ തീവ്രവാദവും ഉണ്ടായി. ഇപ്പോള്‍ അവരെല്ലാം പാക്കിസ്ഥാനെ തിരിഞ്ഞുകുത്തുകയാണ്. തങ്ങളെ തീവ്രവാദികളാക്കിയ ഒരു ഗുണ്ടാ രാഷ്ട്രമായിരുന്നു പാക്കിസ്ഥാന്‍ എന്ന് വൈകിയ വേളയിലെങ്കിലും പാക് അധീന കാശ്മീരിലെ വിദ്യാസമ്പന്നര്‍ തിരിച്ചറിയുകയാണ്.
സമരക്കാരുടെ പ്ലാന്‍ ഡി എന്ത്?
പിഒകെയില്‍ പ്രക്ഷോഭം നടക്കുമ്പോഴൊക്കെ പാക്കിസ്ഥാന്‍ പറയുന്നത് അതിനുപിന്നില്‍ ഇന്ത്യയൊണെന്നാണ്. ഈ സമരം 'പ്ലാന്‍ എ' മാത്രമാണെന്ന്, എഎസിയുടെ പ്രധാന നേതാവായ ഷൗക്കത്ത് നവാസ് മിര്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മുന്നറിയിപ്പ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ''ജനങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നുവെന്ന കാര്യം അധികാരികളെ അറിയിക്കാനുള്ള സന്ദേശമാണിത്. അവാമി ആക്ഷന്‍ കമ്മിറ്റിക്ക് മറ്റു പദ്ധതികളുണ്ട്. അത് പ്ലാന്‍ ബിയും സിയുമാണ്. അതിനുപുറമേ അതിതീവ്രമായ പ്ലാന്‍ ഡിയും ഉണ്ട്''- ഷൗക്കത്ത് നവാസ് മിര്‍ പറയുന്നു. ഈ പ്ലാന്‍ ഡി എന്നത് ഇന്ത്യയുടെ ഇടപെടലായി വലിയ തോതില്‍ വായിക്കപ്പെട്ടു.
പാക് അധീന കാശ്മീരിലുള്ള അവകാശവാദം ഇന്ത്യ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്ങും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം സംശയ ലേശമന്യേ വ്യക്തമാക്കിയിരുന്നു. എല്ലാ അന്തരാഷ്ട്ര ഫോറങ്ങളിലും ഇതുതന്നെയാണ് ഇന്ത്യയുടെ നിലപാട്. 2020ല്‍ കാലാവസ്ഥാ പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്ന സഥലങ്ങളില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കാശ്മീരിലെ മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) നടപടി ഇന്ത്യ ഈ മണ്ണിനുവേണ്ടി പോരാടന്‍ ഒരുക്കമാണ് എന്നതിന്റെകൂടി സൂചന ആയിരുന്നു. ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവ പിഒകെയിലെ താപനിലയും കാലാവസ്ഥയും ന്യൂസ് ബുള്ളറ്റിനുകളില്‍ ഇപ്പോള്‍ പറയുന്നുണ്ട്. സ്വകാര്യ ചാനലുകളും ഇതു പിന്തുടരണം എന്ന് നിര്‍ദേശമുണ്ട്. ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ 'ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ്' എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പരാമര്‍ശിക്കുന്നത്.
അതായത് ഇന്ത്യക്ക് ഇപ്പോഴും പിഒകെ ഇന്ത്യയുടെ ഭാഗം തന്നെയാണ്. നാം നമ്മുടെ മണ്ണ് ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഇന്നലെങ്കില്‍ നാളെ അത് ഭാരതത്തിന്റെ ഭാഗം ആകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറച്ചു പറയുന്നത്. ഇവിടെയാണ് പ്രക്ഷോഭകാരികളുടെ പ്ലാന്‍ ഡിയും കൂട്ടിവായിക്കപ്പെടുന്നത്.പി ഒ കെയില്‍ മാത്രല്ല, ഗില്‍ജിത് ബാള്‍ട്ടിസ്താനിലും, ബലൂചിസ്ഥാനിലും ഇന്ത്യക്ക് അനുകൂലമായി നിലപാട് എടുക്കുന്നവര്‍ ഏറെയുണ്ട്. 2023 സെപ്റ്റംബറില്‍ മതനിന്ദ ആരോപിച്ച് ഒരു ഷിയ പുരോഹിതനെ അറസ്റ്റ് ചെയ്തത് ഗില്‍ജിത് ബാള്‍ട്ടിസ്താനില്‍ വ്യാപകമായ പ്രതിഷേധങ്ങളിലേക്ക് നയിച്ചിരുന്നു. അന്ന് 'ചലോ, ചലോ... കാര്‍ഗില്‍ ചലോ'' (നമുക്ക് കാര്‍ഗിലിലേക്ക് പോകാം) എന്ന മുദ്രാവാക്യം ഉയര്‍ത്തി നിരവധി പ്രതിഷേധക്കാര്‍ ഈ മേഖലയെ ഇന്ത്യയുലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു. പാക്കിസ്ഥാന്റെ 'അനധികൃത അധിനിവേശത്തില്‍' നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന വിഡീയോ കാശ്മീരി- ബ്രിട്ടീഷ് ആക്റ്റീവിസ്്റ്റായ, ഷബീര്‍ ചൗധരി പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പിഒകെയിലെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഷബീര്‍ ചൗധരി ചെയ്ത വീഡിയോയില്‍ പറയുന്നത്, ഇന്ത്യയിലേക്ക് ലയിക്കയാണ്, അധിനിവേശ കാശ്മീരികള്‍ക്കും നല്ലത് എന്നാണ്!
വാല്‍ക്കഷ്ണം: ചോര ധാരാളം ഒഴുകിയ പ്രദേശമാണ് പിഒകെ. പിറന്നുവീണതുതന്നെ രക്തത്തിലാണ്. പിന്നെ തീവ്രവാദത്തിന്റെ പേരിലും രുധിരം ഒരുപാട് ഒഴുകി. തീവ്രാദികള്‍ക്കും പാക് സര്‍ക്കാറിനും ഇടയില്‍ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട ജനതയാണ് ഇവര്‍.