നാമൊന്ന് പിന്നെ നമുക്ക് എന്തിന്? ചൈനയുടെ കാല്‍ഭാഗവും 65 വയസ്സിന് മുകളിലുള്ളവര്‍; ജപ്പാനിലും, കൊറിയയിലും, യൂറോപ്പിലും ജനന നിരക്ക് കുറയുന്നു; യുവാക്കളുടെ എണ്ണം കുറയുന്നത് പ്രതിസന്ധി; കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുടിന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്

ജപ്പാനിലും, കൊറിയയിലും, യൂറോപ്പിലും ജനന നിരക്ക് കുറയുന്നു

Update: 2024-09-19 07:36 GMT

70കളിലും 80കളിലുമൊക്കെ ജനസംഖ്യാനിയന്ത്രണത്തിന്റെയും, കുടുംബാസുത്രണത്തിന്റെയും വലിയ പരസ്യങ്ങളായിരുന്നു നാം എവിടെയും കേട്ടിരുന്നത്. സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത വന്ദ്യംകരണം മുതല്‍, ആദ്യം 'നാം രണ്ട് നമുക്ക് രണ്ട് എന്നും' പിന്നീട് 'നാം ഒന്ന് നമുക്കൊന്ന്' എന്ന രീതിയിലുളള കുടുംബാസുത്രണ മുദ്രാവാക്യങ്ങള്‍ നാം കണ്ടു. ( ഇപ്പോള്‍ പ്രസവത്തോട് യുവ തലമുറ വിരക്തി കാട്ടുന്നതോടെ 'നാം ഒന്ന് പിന്നെ നമുക്കെന്തിന്' എന്ന രീതിയില്‍ കുടുംബാസൂത്രണ മുദ്രാവാക്യങ്ങള്‍ ട്രോള്‍ ആവുകയാണ്) ചൈനയിലൊക്കെ അക്കാലത്ത്് അതിഭീകരമായ അവസ്ഥയായിരുന്നു. ഒറ്റക്കുട്ടി നയം സ്റ്റേറ്റ് പോളിസിയായി. ഒന്നിലധികം കുട്ടികള്‍ ഉണ്ടാവുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും, അതില്‍ കൂടതല്‍ കുട്ടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോവുന്ന അവസ്ഥവരെയുണ്ടായി.




 


പക്ഷേ ഇന്ന് ഈ നയങ്ങളൊക്കെ തിരിച്ചടിക്കയാണ്. ഒറ്റക്കുട്ടി നയം പുര്‍ണ്ണമായി തിരുത്തിയ ചൈന കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്ക് ഇന്‍സന്റീവ് പ്രഖ്യാപിച്ചിരിക്കയാണ്. റഷ്യയിലും സമാനമായ അവസ്ഥയാണ്. കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ജനസംഖ്യ വര്‍ധിപ്പിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ കൊറിയ, സിംഗപ്പുര്‍, യൂറോപ്പ് എന്നിവടങ്ങളിലും സമാനമായ അവസ്ഥയാണ്. യുവജനങ്ങളുടെ എണ്ണം കുറയുകയും, വയോധികരുടെ എണ്ണം കൂടുകയും ചെയ്യുന്നത്, ഈ രാജ്യങ്ങളെ സാമ്പത്തികമായും പിറകോട്ട് അടിപ്പിക്കയാണ്.

ഏഷ്യാ ഭൂഖണ്ഡത്തിലാണ് ലോകത്തില്‍ ഏറ്റവും കൂടുതലാളുകള്‍ അധിവസിക്കുന്നത്. 60 ശതമാനം. പുതിയ ജനസംഖ്യകണക്കുകള്‍ കൗതുകരമാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് യുവ ജനങ്ങളുടെ എണ്ണം കുറയുമ്പോള്‍ മറുഭാഗത്ത് ജനസംഖ്യാ വിസ്‌ഫോടനം നടക്കയാണ്. 2050-ല്‍ അമേരിക്കയെ പിന്തള്ളി നൈജീരിയ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തെത്തും. ആഗോള ജനസംഖ്യാവളര്‍ച്ചയുടെ പകുതി ഇന്ത്യയടക്കം ഒമ്പതു രാഷ്ട്രങ്ങളില്‍ നിന്നാകും. പാകിസ്താന്‍, അമേരിക്ക, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, ഇന്‍ഡൊനീഷ്യ, ടാന്‍സാനിയ എന്നിവയാണ് ജനസംഖ്യയില്‍ മുന്നിലെത്തുന്ന മറ്റുരാജ്യങ്ങള്‍.

പക്ഷേ ജനസംഖ്യാ ശോഷണം നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന നിലയിലാണ് പല രാജ്യങ്ങളും. പുതിയ തലമുറ ജനിക്കാത്തത് വംശത്തിന്റേയും സംസ്‌കാരത്തിന്റേയും മരണ മണിയാണെന്ന യാഥാര്‍ഥ്യത്തിലാണ് അവര്‍ ജീവിക്കുന്നത്. അതുപോലെ ആരോഗ്യമുള്ള ഒരു വര്‍ക്ക്ഫോഴസിന്റെ എണ്ണവും ഇടിയുകയാണ്.

യുവാക്കള്‍ കുറയുന്നു

ലോക പ്രശസ്ത ശാസ്ത്ര മാസികയായ ലാന്‍സെറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ജനസംഖ്യയില്‍ കുറവുണ്ടാകും. ഏറ്റവും കുറഞ്ഞത് 23 രാജ്യങ്ങളിലെ ജനസംഖ്യ പകുതിയാകും. പുതിയ തലമുറ ജനിക്കാതാകുന്നതോടെ ജനസംഖ്യയില്‍ കൂടുതലും വയോജനങ്ങളായിരിക്കും. വൈദ്യ ശാസ്ത്രത്തിന്റെ മുന്നേറ്റമുണ്ടായതോടെ ആയുര്‍ദൈര്‍ഘ്യവും കൂടി. ഇതും വൃദ്ധ ജനസംഖ്യ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

യു.എന്നിന്റെ കണക്ക് അനുസരിച്ച് 2050- ല്‍ ലോകത്ത് ആറില്‍ ഒരാള്‍ 65 വയസിന് മുകളിലുള്ളവരായിരിക്കും. 2019-ല്‍ ഇത് 11 ല്‍ ഒന്നായിരുന്നു. 2050-ല്‍ 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 200 കോടിക്ക് മുകളില്‍ വരും. 80 വയസിന് മുകളിലുള്ളവരുടെ എണ്ണം 45 കോടി ആകും. ഇപ്പോള്‍ തന്നെ 17 രാജ്യങ്ങളില്‍ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വയോജനങ്ങളാണ്. 2100 ആകുമ്പോഴേക്ക് 155 രാജ്യങ്ങളില്‍ ഇങ്ങനെയാകുമെന്നാണ് യു.എന്‍ കണക്ക്. അതായത് ലോക ജനസംഖ്യയുടെ 61 ശതമാനം പ്രായമായവരായിരിക്കും.


 



വികസിത രാജ്യങ്ങളില്‍ ഇത് ഇപ്പോള്‍ തന്നെ പ്രകടമാണ്. ജപ്പാന്‍ ജനസംഖ്യയുടെ 30 ശതമാനവും 60 വയസിന് മുകളിലുള്ളവരാണ്. ഇറ്റലിയില്‍ ഇത് 23 ശതമാനവും ഫിന്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവിടങ്ങളില്‍ 22 ശതമാനവുമാണ്. ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വയോജനങ്ങളുടെ എണ്ണം ജനസംഖ്യയുടെ 21 ശതമാനമാണ്. ചൈനയില്‍ 11.9 ശതമാനവും ഇന്ത്യയില്‍ 6.1 ശതമാനവും ആണ് 60 വയസിന് മുകളിലുള്ളവര്‍. യു.എസില്‍ ഇത് 16 ശതമാനമാണ്.

ജനസംഖ്യയില്‍ കൂടുതല്‍ വയോജനങ്ങളാകുന്നതോടെ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ താളം തെറ്റും. ആരോഗ്യവും ചുറുചുറുക്കുമുള്ള യുവജനങ്ങളുടെ അഭാവം രാജ്യത്തിന്റെ ഉത്പാദന ക്ഷമതയെ ബാധിക്കും. അതു മാത്രവുല്ല എണ്ണത്തില്‍ കൂടുതലുള്ള വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും അതിജീവനത്തിനുമായി പൊതുപണം ഏറെ ചെലവാക്കേണ്ട അവസ്ഥ സംജാതമാകുകയും അവരെ ശുശ്രൂഷിക്കാന്‍ മനുഷ്യ വിഭവശേഷി കൂടുതല്‍ ഉപയോഗിക്കേണ്ടിയും വരും. ഇത് സാമൂഹിക ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കും. പ്രായമുള്ള ഈ ആളുകളെ മുഴുവന്‍ സംരക്ഷിക്കാനുള്ള ബാധ്യത ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത വൃദ്ധജനങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യത്തേയും ഇത് ബാധിക്കും.

തൊഴിലാളി ക്ഷാമം മൂലം യുവാക്കള്‍ കൂടുതല്‍ സമയം തൊഴിലെടുക്കണ്ട അവസ്ഥയിലാകും. ഇത് അവരുടെ മാനസിക ആരോഗ്യത്തേയും ബാധിക്കും. വയോജനങ്ങളുടെ ഉത്തരവാദിത്വം മുഴുവനും സര്‍ക്കാരിന്റെ ചുമലില്‍ വരും. ഇവരെ ശുശ്രൂഷിക്കാന്‍ ആവശ്യമായ ആളുകള്‍ രാജ്യത്ത് ഇല്ലാതാകുന്നതോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ആളുകളെ കണ്ടെത്തേണ്ട സ്ഥിതിയാകും. ഇതിനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കേണ്ടി വരും. ഇതാണ് ഇപ്പോള്‍ യൂറോപ്പിലും മറ്റും നടക്കുന്നത്. കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ട സ്ഥിതി സര്‍ക്കാരുകള്‍ക്ക് വരും. ഇതിനായി കൂടുതല്‍ നികുതികള്‍ ചുമത്തേണ്ടി വരും.

സൃഷ്ടിപരമായി ജോലിചെയ്യേണ്ട എല്ലാ മേഖലകളിലും യുവാക്കളുടെ അഭാവം ആ രാജ്യങ്ങളെ പിന്നോടടിക്കും. ശാസ്ത്ര സാങ്കേതിക മേഖലകളെയെല്ലാം ബാധിക്കും. ഇതിനെല്ലാം പുറമെ രാജ്യങ്ങളുടെ സൈനിക ശക്തിയേയും ഇത് ബാധിക്കും. സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ ആളുകളില്ലാതെ വരും. ജനസംഖ്യയില്‍ ചെറുപ്പക്കാര്‍ കൂടുതലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക ശക്തിയായി വളരുന്നത് ഈ സാഹചര്യത്തിലാണ്.

തൊഴിലെടുക്കാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണം കുറയുമ്പോള്‍ സ്ത്രീകളെല്ലാം തൊഴിലെടുക്കേണ്ടതായി വരും. പ്രസവിക്കാനോ കുട്ടികളെ വളര്‍ത്താനോ സമയം കണ്ടെത്താന്‍ സ്ത്രീകള്‍ക്കും സാധിക്കില്ല. കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കുടുംബത്തിനായി സമയം നീക്കിവെക്കാന്‍ ആരും മിനക്കെടില്ല. ഇത് ഫെര്‍ട്ടിലിറ്റി നിരക്ക് പിന്നേയും കുറയ്ക്കും.

എല്ലാ വൃദ്ധരേയും സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുക എന്ന കാര്യം വികസിത രാജ്യങ്ങളെ സംബന്ധിച്ച് പോലും ബുദ്ധിമുട്ടേറിയ കാര്യമാണ്. അപ്പോള്‍ അവികസിത, വികസ്വര രാജ്യങ്ങളില്‍ വയോജന ജനസംഖ്യ കൂടുകയും ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്യുമ്പോള്‍ സ്ഥിതി വഷളാവും. ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്ത പ്രായമായവരുടെ ജീവിതം ദുസ്സഹമാകും. വയസായ സ്ത്രീകളായിരിക്കും ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരിക. അപ്പോള്‍ ജനസംഖ്യാ നിയന്ത്രണത്തിനായി യത്‌നിക്കുന്ന സര്‍ക്കാരുകള്‍ വയോജന സംരക്ഷണത്തിനായുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പോപ്പുലേഷന്‍ വര്‍ധിപ്പിക്കുക എന്ന പരിപാടിയിലാണ് ഇപ്പോള്‍ രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

'ജോലിയുടെ ഇടവേളകില്‍ ബന്ധപ്പെടൂ'

ജനന നിരക്ക് കുറയുന്നത്് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരിക്കെ കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും ജനങ്ങളോട് നിര്‍ദ്ദേശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ജോലിയുടെ ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൂടേയെന്നാണ് വ്‌ളാഡിമിര്‍ പുടിന്റെ ചോദ്യം. ജോലിക്കിടയില്‍ ഉച്ചഭക്ഷണം, ചായ സമയം എന്നിവയ്ക്കായി ലഭിക്കുന്ന ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് പ്രസിഡന്റ് സ്വന്തം ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ( മുമ്പ് റുമാനിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി ഷെസ്‌ക്യൂ, സൈന്യത്തിലേക്ക് ആളെ കിട്ടാതായതോടെ രാജ്യത്ത് ജനങ്ങളുടെ എണ്ണം കൂട്ടാനായി കോണ്ടങ്ങള്‍ സുഷിരമിട്ട് നിര്‍മ്മിച്ചിരുന്നു. എന്തൊരു ഐഡിയ!)


 



റഷ്യയില്‍ ആവശ്യമായ ആരോഗ്യകരമായ ജനന നിരക്ക് ഒരു സ്ത്രീക്ക് 2.1 എന്നാണ്. എന്നാല്‍ നിലവില്‍ ഇത് ഒരു സ്ത്രീക്ക് 1.5 എന്ന കണക്കിലാണ്. ഇത് ഭാവിയില്‍ റഷ്യന്‍ ജനസംഖ്യയില്‍ വലിയ ഇടിവുണ്ടാക്കും.യു്രൈകനോട് യുദ്ധം ചെയ്യുന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ പട്ടാളത്തിലടക്കം യുദ്ധം ചെയ്യാന്‍ ആളെ കിട്ടാത്ത പ്രശ്‌നമുണ്ട്. യു്രൈകന്‍ യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഒരു ദശലക്ഷത്തിലധികം യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏറ്റവും ഉയര്‍ന്ന മുന്‍ഗണന ജനസംഖ്യ നിരക്ക് ഉയര്‍ത്തുക എന്നതാണെന്ന് പ്രസിഡന്റ് പുടിന്‍ ഊന്നിപ്പറഞ്ഞു. ജോലി ഭാരത്താല്‍ ലൈംഗിക ബന്ധം നടക്കുന്നില്ലെന്നത് ഒഴിവ് കഴിവാണെന്നും ജീവിതം ഇന്ന് വേഗമേറിയതായതിനാല്‍ ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നും ആരോഗ്യമന്ത്രി ഡോ.യെവ്‌ജെനി ഷെസ്റ്റോപാലോവ് വിശദീകരിക്കുന്നു. ഒപ്പം റഷ്യന്‍ സ്ത്രീകളോട് അവരുടെ പ്രത്യുല്‍പാദന ശേഷി വിലയിരുത്തുന്നതിന് സൗജന്യ ഫെര്‍ട്ടിലിറ്റി പരിശോധനകളില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു. 19-20 വയസില്‍ പ്രസവിച്ച് തുടങ്ങണം. അപ്പോള്‍, കുടുംബത്തിന് മൂന്നോ നാലോ അതിലധികമോ കുട്ടികളെ സൃഷ്ടിക്കാന്‍ കഴിയും. അതേസമയം 1999 ന് ശേഷമുള്ള റഷ്യയുടെ ഏറ്റവും കുറഞ്ഞ ജനന നിരക്കായിരുന്നു 2024 ലെ ആദ്യ ആറ് മാസങ്ങളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ജൂണില്‍ ജനന തീയതികള്‍ 1,00,000 ല്‍ താഴെയായി. 2024 ന്റെ ആദ്യ പകുതിയില്‍ റഷ്യയില്‍ 5,99,600 കുട്ടികള്‍ മാത്രമാണ് ജനിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 16,000 കുറവാണ് എന്നാണ് കണക്ക്.

ചൈനയിലും വലിയ ആശങ്ക

ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന പദവി കാലങ്ങളായി അലങ്കരിച്ചിരുന്നത് ചൈനയാണ്. എന്നാല്‍ ചൈനയുടെ ജനസംഖ്യയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം തന്നെ ചൈന ജനസംഖ്യയില്‍ ഇന്ത്യയേക്കാള്‍ താഴെപ്പോയി.

2023 ജനുവരി 17ന് ചൈനീസ് ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അറുപത് വര്‍ഷത്തിലാദ്യമായാണ് ചൈനയില്‍ മരണനിരക്ക് ജനനനിരക്കിനേക്കാള്‍ കൂടുന്നത്. മുന്‍പ് ഇങ്ങനെ സംഭവിച്ചിട്ടുളളത് 1961-ല്‍ കടുത്ത സാമ്പത്തിക മാന്ദ്യം മൂലം മൂന്ന് കോടി ആളുകള്‍ പട്ടിണി ബാധിച്ച് മരണപ്പെട്ടപ്പോളാണ്. എന്നാല്‍ ചൈനയുടെ ജനസംഖ്യാ പാറ്റേണുകളെ നിരീക്ഷിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് മനസിലായത് ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല എന്നാണ്. ദീര്‍ഘകാലമായി ചൈനീസ് ജനസംഖ്യ കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതിന്റെ സ്വാഭാവികമായ പരിണിതഫലം മാത്രമാണിപ്പോള്‍ സംഭവിച്ചത്.

ചൈന ഇപ്പോഴത്തെ ജനന നിരക്കായ ദമ്പതികളൊന്നിന് ശരാശരി 1.3 കുട്ടികള്‍ എന്നതു തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തിലേക്ക് ജനസംഖ്യയില്‍ 45% ഇടിവ് സംഭവിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നത്. എന്നാല്‍ കാലങ്ങളായി ചൈനയുടെ ജനന നിരക്ക് കുറഞ്ഞ് കൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു പ്രശ്നമാണ്.

ദമ്പതികള്‍ക്കൊന്നിന് ഒരു സന്താനം എന്ന ഒറ്റക്കുട്ടി നയത്തിന് മുന്‍പ് തന്നെ ചൈനയുടെ ജനനനിരക്ക് കുറഞ്ഞ് തന്നെയായിരുന്നു. തൊണ്ണൂറുകള്‍ മുതല്‍ ജനസംഖ്യ പുഷ്ടിപ്പെടുത്താനാവശ്യമായ ജനനനിരക്ക് ചൈനയില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ മുപ്പത് വര്‍ഷമായി സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടിനും താഴെയാണ്. കുടിയേറ്റം ഒഴിച്ചുനിര്‍ത്തിയാല്‍ ജനസംഖ്യയില്‍ വന്‍ ഇടിവ് വ്യക്തമാണെന്ന് മനസിലാക്കാം.

കണക്കുകള്‍ പ്രകാരം ചൈനീസ് ജനത ഇനി അനുഭവിക്കാന്‍ പോകുന്നത് വയസ്സായവരുടെ ആധിക്യമായിരിക്കും. 2040 ആകുമ്പോഴേക്ക് ചൈനീസ് ജനസംഖ്യയുടെ ഏകദേശം കാല്‍ഭാഗവും 65 വയസ്സിന് മുകളിലുള്ളവരാകും.


 



ചൈന കഴിഞ്ഞ 40 വര്‍ഷം കൊണ്ടാണ് കാര്‍ഷിക സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് വ്യാവസായവും സേവന മേഖലയും മുഖ്യ പങ്കുവഹിക്കുന്ന സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ചരിത്രപരമായ മാറ്റം കൈവരിക്കുന്നത്. അതിന്റെ ഭാഗമായി ജനങ്ങളുടെ ജീവിത നിലവാരവും വരുമാനവും വര്‍ധിച്ചിട്ടുമുണ്ട്. നിലവിലെ ജനസംഖ്യയിലെ വൃദ്ധരുടെ വര്‍ധന ചൈനയുടെ തൊഴിലധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെ ഇന്ത്യയും വിയറ്റ്നാമും പോലുള്ള രാജ്യങ്ങള്‍ സാങ്കേതികമായ പുരോഗതി കൊണ്ടും തുച്ഛമായ തൊഴില്‍ ചെലവ് കൊണ്ടും ചൈനീസ് ഭരണകൂടത്തിന് കടുത്ത മത്സരം സൃഷ്ടിക്കുന്നതും ഇപ്പോഴത്തെ സമ്പദ്വ്യവസ്ഥയെ അധികകാലം ആശ്രയിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിലേക്ക് ഭരണകൂടത്തെ എത്തിച്ചിട്ടുണ്ട്.

വൃദ്ധസദനമാവുന്ന യൂറോപ്പ്

സമീപഭാവിയില്‍ യൂറോപ്പ് ഒരു വൃദ്ധസദനം ആവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ജനസംഖ്യാ നിരക്ക് ഏറ്റവും കുറവുള്ളത് യൂറോപ്പിലാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ജനസംഖ്യാ പ്രതിസന്ധി നേരിടുന്നുണ്ട്. 2021-ലെ 418 മില്ല്യണ്‍ എന്ന ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 362 മില്ല്യണ്‍ ആകുമെന്നാണ് കണക്ക്. ജനസംഖ്യാ ശോഷണം പല രാജ്യങ്ങളുടേയും നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്നതാണ്. യൂറോപ്പില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായ കൊസവോയില്‍ മാത്രമാണ് ഫെര്‍ട്ടിലിറ്റി റേറ്റ് റീപ്ലേസ്‌മെന്റ് ലെവലിനും മുകളിലുള്ളത്. 2.3 ആണ് ഇവിടുത്തെ ഫെര്‍ട്ടിലിറ്റി റേറ്റ്.

കൊസവോ കഴിഞ്ഞാല്‍ ഫ്രാന്‍സാണ് ഫെര്‍ട്ടിലിറ്റി റേറ്റ് (1.9) അല്‍പമെങ്കിലും മെച്ചപ്പെട്ട മറ്റൊരു രാജ്യം. വലിയ കുടുംബങ്ങള്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം തോറും 131 യൂറോ, മറ്റ് ഗ്രാന്റുകള്‍ എന്നിവ നല്‍കുന്നുണ്ട്. ഓരോ കുട്ടിയും ജനിക്കുമ്പോള്‍ കുടുംബത്തിന് 944 യൂറോയും ലഭിക്കും.ഇറ്റലിയാണ് ആശങ്കയിലുള്ള മറ്റൊരു രാജ്യം. 1.3 ആണ് ഇവിടുത്തെ ഫെര്‍ട്ടിലിറ്റി നിരക്ക്. ഇറ്റലിയില്‍ ഒരു സ്ത്രീ ആദ്യം അമ്മയാകുന്ന കുറഞ്ഞ പ്രായം 31 ആണ്. ജനനനിരക്കുയര്‍ത്താന്‍ നിരവധി മാര്‍ഗങ്ങള്‍ സര്‍ക്കാരുകള്‍ പരീക്ഷിക്കുന്നുണ്ട്. ഓരോ കുട്ടി ജനിക്കുമ്പോഴും ദമ്പതിമാര്‍ക്ക് 800 യൂറോ നല്‍കുന്ന പദ്ധതി 2015 ല്‍ ഇറ്റലി നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഇതു കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. യൂറോപ്പില്‍ ഏറ്റവും കൂടിയ പ്രായമാണിത്. ഫെര്‍ട്ടിലിറ്റി നിരക്ക് കുറവുള്ള മറ്റൊരു യൂറോപ്യന്‍ രാജ്യം നോര്‍വെ ആണ്. 1.5 ആണ് ഇവിടുത്തെ നിരക്ക്.

ഫ്രാന്‍സ് പോലെ 1.9 ജനനിരക്കുള്ള മറ്റൊരു രാജ്യമാണ് സ്വീഡന്‍. ഓരോ കുട്ടിക്കും മാസം 167 ഡോളര്‍ വീതം സ്വീഡന്‍ നല്‍കുന്നുണ്ട്. കുട്ടിക്ക് 11 ഉം 15 ഉം വയസാകുമ്പോള്‍ ഈ തുക കൂടുും. ദമ്പതിമാര്‍ക്ക് 480 ദിവസത്തെ പെയിഡ് പേരന്റല്‍ അവധിയും സ്വീഡന്‍ നല്‍കുന്നുണ്ട്.യൂറോപ്പിലെ മൂന്നില്‍ രണ്ട് രാജ്യങ്ങളും ജനസംഖ്യ ഉയര്‍ത്താനുള്ള നടപടികളിലാണ്. ബേബി ബോണസ്. ടാക്‌സ് ഇന്‍സന്റീവ്, പെയ്ഡ് പേരന്റല്‍ ലീവ് തുടങ്ങി നിരവധി മാര്‍ഗങ്ങളാണ് ഇതിന് അവലംബിക്കുന്നത്. സ്‌പെയിന്‍, ഇറ്റലി, ഗ്രീസ്, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ റഷ്യയേക്കാളും ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളാണ്.കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് സൗജന്യ വന്ധ്യതാ ചികിത്സ, മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നികുതി ഇളവ് എന്നിവ ഹംഗറി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് വിട്ടുപോയ താജിക്കിസ്താന്‍ 1996 ലാണ് അമ്മ നായിക പദ്ധതി നിര്‍ത്തലാക്കിയത്. യുക്രൈന്‍ ഇത് നിര്‍ത്തലാക്കിയെങ്കിലും 2001 ല്‍ പുനഃസ്ഥാപിച്ചു. കസാഖിസ്ഥാന്‍ പദ്ധതി നിര്‍ത്തലാക്കിയില്ലങ്കിലും പേര് മാറ്റിയിട്ടുണ്ട്. 10 മക്കളുള്ളവര്‍ക്ക് സ്വര്‍ണ പെന്‍ഡന്റും എട്ടും ഒമ്പതും മക്കളുള്ളവര്‍ക്ക് വെള്ളി പെന്‍ഡന്റുമാണ് കസാഖിസ്ഥാന്‍ സമ്മാനമായി നല്‍കുന്നത്.മക്കള്‍ക്ക് 21 വയസാകുന്നതുവരെ അമ്മാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അലവന്‍സും ലഭിക്കും.ജനസംഖ്യ കുറയുന്ന വികസിത രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വഴി ജനസംഖ്യ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. കുടിയേറ്റത്തെ ഇതുവരെ പ്രോത്സാഹിപ്പിക്കാതിരുന്ന ജപ്പാന്‍ പോലും നയം മാറ്റുകയാണ്.

ദക്ഷിണ കൊറിയയും ജപ്പാനിലും സമാനമാ പ്രശ്നമുണ്ട്. ദക്ഷിണ കൊറിയയിലെ പുതു തലമുറയെ ഷാംപു ജനറേഷന്‍ എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ബന്ധങ്ങളും വിവാഹവും കുട്ടികളും വേണ്ടെന്ന് കരുതുന്നവരാണ് ഷാംപു ജനറേഷന്‍. ഈ ഷാംപു ജനറേഷനാണ് ദക്ഷിണ കൊറിയയെ ലോകത്ത് ഫെര്‍ട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാക്കി മാറ്റിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 0.81 ആണ്. 1970 കളില്‍ 4 ആയിരുന്നു നിരക്ക്. പിന്നീട് വന്ന കുടുംബാസൂത്രണ പദ്ധതികളും വികസനവും എല്ലാം ഫെര്‍ട്ടിലിറ്റി നിരക്ക് വന്‍ തോതില്‍ കുറയാന്‍ ഇടയായി. സിംഗപ്പൂരിലും സമാന അവസ്ഥയാണ്.

കേരളത്തിലും സമാന പ്രശ്നം

ജനസംഖ്യാ പ്രശ്നവും യുവാക്കളുടെ എണ്ണക്കുറവും മൊത്തത്തില്‍ എടുക്കുമ്പോള്‍ ഇന്ത്യക്ക് പ്രശ്നമല്ല. ധാരാളം വര്‍ക്ക് ഫോഴ്സ് നമുക്ക് നിലവിലുണ്ട്. പക്ഷേ കേരളത്തിന്റെ കാര്യമെടുക്കമ്പോള്‍ ജനസംഖ്യ കുറയുന്നത് വലിയ പ്രശ്നം തന്നെയതാണ്. പുതിയ ദേശീയ ആരോഗ്യ സര്‍വെ പ്രകാരം കേരളത്തിന്റെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1.8 ആണ്. 1992-93 ല്‍ നടത്തിയ ആദ്യ സര്‍വേയില്‍ ഇത് 2.0 ആയിരുന്നു. ഇന്നത്തെ മലയാളി കുടുംബങ്ങളില്‍ ശരാശരി രണ്ടു കുട്ടികള്‍ തികച്ചില്ലെന്നതാണ് വസ്തുത. ഒരുകുഞ്ഞ് മാത്രമുള്ള ധാരാളം കുടുംബങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കുട്ടികള്‍ വേണ്ട എന്നു കരുതുന്നവരുടെ എണ്ണവും കൂടുകയാണ്.ജനന നിരക്കിലുണ്ടായ മാറ്റം മൂലമാണ് വികസിതരാജ്യങ്ങളില്‍ വയോജനങ്ങളുടെ എണ്ണം കൂടുകയും ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്തത്. അതു തന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കുടിയേറ്റവും കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് വലിയ ആകര്‍ഷണമാണ്.


 



2001-ലെ കണക്ക് പ്രകാരം സംസ്ഥാന ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം 9.79 ശതമാനം ആയിരുന്നു. 2011-ല്‍ അത് 12.83 ഉും 2021-ല്‍ അത് 15.63 ശതമാനവുമായി. 2026 ആകുമ്പോഴേക്ക് ജനസംഖ്യയില്‍ 20 ശതമാനം പേര്‍ 60 വയസ്സ് കഴിഞ്ഞവരായിരിക്കും. നിലവില്‍ കേരളത്തിലെ ഏകദേശം 45 ലക്ഷം ആളുകള്‍ 60 വയസ്സിനു മുകളിലാണുള്ളത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. അവരില്‍ ഭൂരിഭാഗവും വിധവകളുമാണ്. മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതോടെ അവര്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരവസ്ഥയിലേക്ക് പോയേക്കാം.

ഇപ്പോള്‍ കേരളത്തില്‍ ക്രൈസ്തവ സഭയൊക്കെ ജനസംഖ്യവര്‍ധനവിനായുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. തിരുവോണനാളില്‍ ക്രൈസ്തവ ചാനലായ ഷെക്കിന ഒരു മാതൃകാ കുടുംബത്തെ കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത് സോഷ്യല്‍ മീഡയയില്‍ അടക്കം ചര്‍ച്ചയായിരുന്നു. 2008-ല്‍ വിവാഹിതരായ 9 മക്കളുള്ള ഒരു കത്തോലിക്കാ ദമ്പതികളെയാണ് അവര്‍ അവതരിപ്പിച്ചത്. അവര്‍ക്ക് നിലവില്‍ പത്താമത്തെ കുട്ടി അമ്മയുടെ ഉദരത്തിലുണ്ട്. ആ കുഞ്ഞിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് കുടുംബത്തെ കാണിച്ച് ഈ ഒരു ഫാമിലി മോഡല്‍ അനുകരിക്കൂ എന്നാണ് സീറോ മലബാര്‍ സഭ പറയുന്നത്.

ഇതേക്കുറിച്ച് എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല ഇങ്ങനെ എഴുതുന്നു-''സീറോ മലബാര്‍ സഭയുടെ ചാനല്‍ ആവേശത്താല്‍ തുള്ളിച്ചാടുകയാണ്. പ്രസവം ഒരു തുടര്‍പ്രക്രിയയായി തുടരുന്നതിനെ ന്യായീകരിക്കാന്‍ ഭാര്യയും ഭര്‍ത്താവും ബൈബിള്‍ വചനങ്ങള്‍ ഇടതടവില്ലാതെ ഉരുവിടുന്നുണ്ട്. ഉദരഫലം കര്‍ത്താവിന്റെ അനുഗ്രഹമാണെന്നും അത് ഒരു മടിയുമില്ലാതെ സ്വീകരിക്കണമെന്നും ദമ്പതികള്‍ ആഹ്വാനം ചെയ്യുന്നു.

കുട്ടികളുടെ എണ്ണം കൂടിയത് കൊണ്ടുണ്ടായ ഭൗതികനേട്ടങ്ങള്‍ അവര്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. കണ്ണൂരിലെ കിഴക്കന്‍ ഭാഗത്ത് ഒരു മലമുകളിലായിരുന്നു ആദ്യ രണ്ട് പ്രസവങ്ങള്‍. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കുന്ന സമയമായപ്പോള്‍ കര്‍ത്താവിന്റെ അനുഗ്രഹം കൊണ്ട് ടൗണിന് കുറച്ച് അടുത്തേക്ക് മാറാനായി. അടുത്ത കുട്ടിയായപ്പോള്‍ വീട് നഗരത്തോട് കൂടുതല്‍ അടുത്തു. പത്താമത്തെ പ്രസവം കൂടി കഴിയുന്നതോടെ താമസം നഗരഹൃദയത്തിലാകും. കൂടാതെ ആദ്യം ഒരു ചെറിയ വാഹനം മാത്രമാണുണ്ടായിരുന്നത്. പിന്നീട് വണ്ടിയിലും ദൈവം കൈവച്ചു. ഇപ്പോള്‍ മുഴുവന്‍ കുട്ടികളെയും വഹിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന വലിയ മോഡല്‍ വാഹനം കര്‍ത്താവ് ലഭ്യമാക്കിയിട്ടുണ്ട്. അങ്ങനെ പോകുന്നു നേട്ടങ്ങള്‍. സഭ പൂട്ടിപ്പോകാതിരിക്കാന്‍ മക്കളുടെ എണ്ണം കൂട്ടി സഹകരിക്കുന്ന ഈ ഫാമിലിയെ നിര്‍ലോഭം പുകഴ്ത്താനായി ഇടവക പാതിരിയും ചാനല്‍ പരിപാടിയില്‍ കടന്നുവന്നിട്ടുണ്ട്.

ഒരു സമൂഹം സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും വികസിക്കുമ്പോള്‍ ജനനനിരക്ക് കുറയുന്നത് സ്വാഭാവികമാണ്. പടിഞ്ഞാറന്‍ യൂറോപ്പിലൊക്കെ ക്രൈസ്തവ ജനസംഖ്യയില്‍ ഇടിവുണ്ടായത് അങ്ങനെയാണ്. വ്യവസായഭീമനായി വളരുന്ന ദക്ഷിണ കൊറിയയില്‍ ഇപ്പോള്‍ ബര്‍ത്ത് റേറ്റ് 0.5 ആയി ചുരുങ്ങിക്കഴിഞ്ഞു. കൂടുതല്‍ കുട്ടികള്‍ക്ക് ഇന്‍സെന്റീവൊക്കെ പ്രഖ്യാപിച്ച സര്‍ക്കാരിനോട്, കൂടുതല്‍ പ്രസവിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന് പറഞ്ഞാണ് സ്വന്തം കാലില്‍ നില്‍ക്കുന്ന കൊറിയന്‍ പെണ്ണുങ്ങള്‍ നയം വ്യക്തമാക്കിയത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് വെറും പേറ്റെന്ത്രങ്ങള്‍ മാത്രമായിരുന്നു സ്ത്രീകള്‍. പ്രസവവും പാലൂട്ടലും പിന്നെയും പ്രസവിക്കലുമായി കഴിഞ്ഞുകൂടേണ്ടി വന്ന പെണ്ണിനെ പുറംലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത് മോഡേണ്‍ സയന്‍സിന്റെ സംഭാവനയായ കോണ്‍ട്രാസെപ്റ്റീവ്സാണ്.

പ്രാകൃതമായ മതങ്ങളിലും സമൂഹങ്ങളിലും സ്ത്രീകള്‍ ആര്‍ത്തവവിരാമം വരെ പ്രസവിച്ചു കൊണ്ടേയിരിക്കും. പുറംലോകം പുരുഷന്റെ മാത്രം കുത്തകയാക്കാനും നാഗരികവ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് പെണ്ണിനെ തടഞ്ഞുനിര്‍ത്തി,അവരെ മറ്റൊരു സസ്തന ജീവിയാക്കി മാത്രം ഒതുക്കാനാണ് പ്രാകൃതമതങ്ങള്‍ എന്നും ശ്രമിച്ചിട്ടുള്ളത്.പത്ത് കുട്ടികളെ പ്രസവിക്കുന്ന ഒരു സ്ത്രീക്ക് ഒരു ജോലിക്കും പോകാനാവില്ല സ്വന്തമായി വരുമാനം കണ്ടെത്താനാവില്ല. വീടിനുള്ളില്‍ ഗര്‍ഭപാത്ര കുടുക്കില്‍ തളച്ചിട്ടൊരു അന്ധകാര പെറ്റുകൂട്ടല്‍ജീവിതം. അതാണ് മതശാസനങ്ങള്‍ പെണ്ണിനായി വിഭാവനം ചെയ്യുന്ന സുന്ദരലോകം. പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ ബോര്‍ഡിംഗ് സ്‌ക്കൂള്‍ തുറന്ന, അവരെ നഴ്സിംഗ് പോലെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിച്ച് കുടുംബത്തിന്റെ അന്നദാതാവാക്കി മാറ്റുന്നതില്‍ വിപ്ളവകരമായ പങ്കുവഹിച്ച കത്തോലിക്ക സഭയാണ് ഇപ്പോള്‍ നിരന്തരപ്രസവത്തിന്റെ വക്താക്കളായി തരം താഴുന്നത്. ''- സജീവ് ചൂണ്ടിക്കാട്ടുന്നു.

ഇത് ക്രിസ്ത്യന്‍ കമ്യൂണിറ്റിയില്‍ മാത്രമല്ല. ഹിന്ദുജനസംഖ്യ കുറയുന്നുവെന്ന് പറഞ്ഞ് കേരളത്തിലും, ചില സംഘടനകള്‍ വ്യാപകമായി കാമ്പയിന്‍ നടത്തുന്നുണ്ട്. പ്രത്യേകിച്ച് ബ്രാഹ്മണര്‍പോലുള്ള സവര്‍ണ്ണ വിഭാഗങ്ങളില്‍ ഈ ഡെമോഗ്രാഫിക്കല്‍ ഭീതി വ്യാപകമാണ്. പക്ഷേ യൂറോപ്പിനെപ്പോലെ യുവ ജനതയുടെ എണ്ണം കുറയുന്നതും, അത് രാജ്യത്തെ ബാധിക്കുന്നതുമല്ല നമ്മുടെ ആശങ്ക. മറിച്ച് നമ്മുടെ മതത്തിന്റെയും ജാതിയുടെയും എണ്ണം കൂട്ടാനാണ്. വല്ലാത്ത മല്ലൂതന്നെ!

വാല്‍ക്കഷ്ണം: യുവജനങ്ങളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചൊന്നും യാതൊരു ആശങ്കയുമില്ലാത്ത ഒരു കൂട്ടര്‍ ഉണ്ടെങ്കില്‍ അത് നൈജീരിയയും, പാക്കിസ്ഥാനും അടങ്ങുന്ന ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഇസ്ലാം ഗ്രോയിങ്ങ് അല്ല ബ്രീഡിങ്ങ് ആണ് എന്ന് എക്‌സ് മുസ്ലീങ്ങള്‍ പറയുന്നതില്‍ കാര്യമില്ലാതില്ല.

Tags:    

Similar News