ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ കമ്മിറ്റി: തീരുമാനം പ്രക്ഷോഭത്തിന് പിന്നാലെ
ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ കമ്മിറ്റി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. നോയിഡ, ഗ്രേറ്റര്‍ നോയിഡ പ്രദേശങ്ങളിലെ കര്‍ഷക സമരത്തിന് പിന്നാലെയാണ് തീരുമാനം. ഉത്തര്‍പ്രദേശിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സെക്രട്ടറി അനില്‍കുമാര്‍ സാഗര്‍ ഐഎഎസ് ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്താനായി അഞ്ച് വിദഗ്ധരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിയൂഷ് വര്‍മ, സഞ്ജയ് ഖത്രി, സോമ്യ ശ്രീവാസ്തവ, കപില്‍ സിംഗ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം.
യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കള്‍ മുതലാണ് കര്‍ഷകര്‍ രാപകല്‍ സമരം തുടങ്ങിയിരുന്നു. വന്‍കിട പദ്ധതികള്‍ക്ക് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത ആദിത്യനാഥ് സര്‍ക്കാരിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. യമുന എക്സ്പ്രസ്വേ അതോറിറ്റി, യുപി വ്യവസായ വികസന അതോറിറ്റി തുടങ്ങിയവയുടെ വന്‍കിട പദ്ധതികള്‍ക്കായി ഭൂമിവിട്ടുനല്‍കിയവരാണ് പെരുവഴിയിലായത്. ഏറ്റെടുത്ത് വികസിപ്പിച്ച ഭൂമിയുടെ 10 ശതമാനം നല്‍കുക, നഷ്ടപരിഹാരം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്.