'മണാലിയിലെ എന്റെ വീട്ടിലെ കറന്റ് ബില്‍ കണ്ട് ഞെട്ടിപ്പോയി; താമസിക്കാത്ത വീട്ടില്‍ ബില്ല് വന്നത് ഒരു ലക്ഷം രൂപ; പരിതാപകരം'; ഹിമാചലില്‍ ഭരണമാറ്റം വേണമെന്ന് കങ്കണ

Update: 2025-04-09 12:07 GMT

മണാലി: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് മണ്ഡി എംപിയും നടിയുമായ കങ്കണ റണാവത്ത്. മണാലിയിലെ തന്റെ വീട്ടിലെ കറന്റ് ബില്‍ ചൂണ്ടിക്കാട്ടിയിരുന്നു വിമര്‍ശനം. താരം ഇപ്പോള്‍ താമസിക്കാത്ത വീട്ടില്‍ ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ ലഭിച്ചതെന്നാണ് ആരോപണം. ഹിമാചലില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണ സ്വന്തം വീട്ടിലെ കറന്റ് ബില്‍ കണ്ട് 'ഞെട്ടിയ' കാര്യം തുറന്ന് പറഞ്ഞത്.

'ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍. ഞാനിപ്പോള്‍ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്. ബില്‍ കണ്ട് എന്താണ് നടക്കുന്നതെന്നോര്‍ത്ത് എനിക്ക് ലജ്ജ തോന്നി', എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍. പ്രസംഗത്തില്‍ സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരാന്‍ ബിജെപി പ്രവര്‍ത്തകരോട് കങ്കണ ആവശ്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരോട് അതിന് വേണ്ടി പ്രവര്‍ത്തിക്കാനും കങ്കണ ആഹ്വാനം ചെയ്തു. ചെന്നായ്ക്കളുടെ പിടിയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

പിന്നാലെ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തത്തി. കങ്കണ റണാവത്തിന്റെ പ്രസ്താവന അന്യായവും നിരുത്തരവാദപരവുമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുപകരം ഉചിതമായ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അത്തരം വിഷയങ്ങള്‍ പരിഹരിക്കണമെന്ന് എംപിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Tags:    

Similar News