അവധിക്കാലം ആഘോഷിക്കാന്‍ പുതിയ കാറില്‍ ഉല്ലാസത്തോടെ പോകുന്നതിനിടെ ദുരന്തം തേടിയെത്തി; ബെംഗളൂരു-തുമക്കുരു ദേശീയ പാതയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികള്‍ അടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം; അപകടം ഒരേദിശയില്‍ സഞ്ചരിക്കുമ്പോള്‍

കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ആറുപേര്‍ക്ക് ദാരുണാന്ത്യം

Update: 2024-12-21 11:00 GMT

ബെംഗളുരു: ബെംഗളുരു-തുമക്കുരു ദേശീയപാതയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. വ്യവസായിയായ വിജയപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്മി (36) ഗാന്‍ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

തിരക്കേറിയ ബെംഗളുരു-തുമക്കുരു ആറുവരി ദേശീയപാതയിലൂടെ ഇരുവാഹനങ്ങളും ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. കണ്ടെയ്‌നര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിനകത്തുണ്ടായിരുന്നവര്‍ തല്‍ക്ഷണം മരിച്ചു. ക്രെയിന്‍ എത്തിച്ച് കാറിനുമുകളില്‍നിന്നു കണ്ടെയ്‌നര്‍ മാറ്റിയത് ഏറെ സാഹസപ്പെട്ടാണ്. തുടര്‍ന്ന് കാറിനുള്ളില്‍ നിന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പോവുകയായിരുന്നു ചന്ദ്രയാഗപ്പയും കുടുംബവും. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ വോള്‍വോ കാര്‍ വാങ്ങുന്നത്. മൃതദേഹം നീലമംഗലയിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മൂന്നു കിലോമീറ്ററിലേറെ ദൂരം ഗതാഗതക്കുരുക്ക് ഉണ്ടായി.

ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 'കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.

Tags:    

Similar News