ഇംഗ്ലീഷ് ടിവി സീരീസ് പ്രചോദനം; വീട്ടിൽ ലാബ് ഒരുക്കി രാസലഹരി ഉൽപാദനം; ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരെ ആവശ്യക്കാരെത്തി; 5 കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Update: 2024-10-25 07:15 GMT

ചെന്നൈ: ഇംഗ്ലീഷ് ടിവി സീരീസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വീട്ടിൽ ലാബ് ഒരുക്കി രാസലഹരി ഉൽപാദിപ്പിച്ച് വിൽപന. സംഭവത്തിൽ 5 കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ.

തമിഴ്നാട്ടിലെ കൊടുങ്ങയ്യൂരിലുള്ള വീട്ടിലാണ് രാസലഹരി ഉൽപാദിപ്പിച്ച് വിൽപന നടത്തിയത്. രസതന്ത്ര വിദ്യാർഥിയും 4 എൻജിനീയറിങ് വിദ്യാർഥികളുമാണ് പിടിയിലായത്. ഇവരിൽനിന്ന് ഒരുകോടി രൂപ വിലമതിക്കുന്ന മെത്താംഫെറ്റമിൻ ആന്റി ഡ്രഗ് ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തു.

ഫ്ലെമിങ് ഫ്രാൻസിസ് (21), നവീൻ (22), പ്രവീൺ പ്രണവ് (21), കിഷോർ (21), ജ്ഞാനപാണ്ഡ്യൻ (22), അരുൺകുമാർ (22), ധനുഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ജ്ഞാനപണ്ഡ്യൻ എംഎസ്സി കെമിസ്ട്രി വിദ്യാർഥിയാണ്. പ്രവീൺ, കിഷോർ, നവീൻ, ധനുഷ് എന്നിവർ അടുത്തയിടെ റോബട്ടിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയവരാണ്.

വീട്ടിൽ ലഹരിവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും പ്രതികൾ വാങ്ങിയിരുന്നു. അതിൽ ചില രാസവസ്തുക്കൾ ഓൺലൈനിൽനിന്നു വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ഇനിയും പ്രതികൾക്ക് ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അതിനാൽ സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും ലഹരിമരുന്ന് വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരെ ആവശ്യക്കാരെത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

2 മൊബൈൽ ഫോണുകൾ, ഒരു കെമിക്കൽ വെയിങ് മെഷീൻ, ലാബ് ഉപകരണങ്ങൾ, ജാറുകൾ, ടെസ്റ്റ് ട്യൂബുകൾ, പിപ്പറ്റുകൾ, ബ്യൂററ്റുകൾ, ഗ്ലാസ് ജാറുകളിൽ സൂക്ഷിച്ചിരുന്ന അസംസ്കൃത രാസവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത റിമാൻഡിൽ വിട്ടു.

Tags:    

Similar News