അമ്മയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ കാശില്ലെന്ന് സന്ദേശം; ഗൂഗിൾ പേ നമ്പർ വാങ്ങി പണം അയച്ചു കൊടുത്ത് ജി.വി. പ്രകാശ് കുമാർ; ചിത്രങ്ങൾ പങ്കുവെച്ചതോടെ പുറത്ത് വന്നത് വൻ തട്ടിപ്പ്
ചെന്നൈ: വ്യാജ സഹായ അഭ്യർത്ഥനയിൽ വിശ്വസിച്ച് പണം നൽകിയ തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറിന് നഷ്ടമായത് 20,000 രൂപ. അമ്മയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ പണമില്ലെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചാണ് താരത്തെ കബളിപ്പിച്ചത്. ഡിസംബർ 25-നാണ് സംഭവം. 'പ്രസന്ന സതീഷ്' എന്ന എക്സ് ഹാൻഡിലിൽ നിന്നാണ് ജി.വി. പ്രകാശിന് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചത്.
തന്റെ അമ്മ അന്തരിച്ചുവെന്നും അന്ത്യകർമ്മങ്ങൾ നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും അവകാശപ്പെട്ട്, ഒരു സ്ത്രീയുടെ ചിത്രം സഹിതമാണ് തട്ടിപ്പുകാരൻ താരത്തെ ടാഗ് ചെയ്തത്. ഡിസംബർ 25-ന് രാവിലെ 11:12-നും പിന്നീട് ഉച്ചയ്ക്ക് 1:59-നും ഇയാൾ സഹായം അഭ്യർത്ഥിച്ച് പോസ്റ്റുകൾ പങ്കുവെച്ചു. തട്ടിപ്പുകാരന്റെ സന്ദേശങ്ങളോട് ഉച്ചയ്ക്ക് 2:24-ഓടെ പ്രതികരിച്ച ജി.വി. പ്രകാശ്, അയാളുടെ ഗൂഗിൾ പേ നമ്പർ വാങ്ങുകയും രണ്ടരയോടെ 20,000 രൂപ കൈമാറുകയും ചെയ്തു. പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ, താരം പണം കൈമാറിയതിന് പിന്നാലെ ഇത് ഒരു സംഘടിത തട്ടിപ്പാണെന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ കണ്ടെത്തുകയായിരുന്നു. തട്ടിപ്പുകാരൻ പോസ്റ്റിൽ നൽകിയിരുന്ന ചിത്രം 2022-ൽ അന്തരിച്ച ഒരു സ്ത്രീയുടേതാണെന്നും, അവരുടെ പേര് ഉപയോഗിച്ചാണ് ഇയാൾ പണം തട്ടുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടി. ഇതേ വ്യക്തി സമാനമായ കഥ പറഞ്ഞ് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവിൽ നിന്ന് 1,000 രൂപ തട്ടിയെടുത്തതായും വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ ജി.വി. പ്രകാശ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.