വിവാഹം കഴിഞ്ഞ് ഒരു മാസം; നാല്പത് ലക്ഷം രൂപ ചെലവിട്ട് വിവാഹ റിസപ്ഷൻ; ഹണിമൂൺ പാതിവഴിയിൽ നിർത്തി മടങ്ങിയെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം
ബെംഗളൂരു: ശ്രീലങ്കയിലെ മധുവിധു ആഘോഷം പാതിവഴിയിൽ നിർത്തി മടങ്ങിയെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാശ്രമം. ബെംഗളൂരു രാമമൂർത്തി നഗർ സ്വദേശിനിയായ ഗനവി (23) ആണ് വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഭർത്താവും ഭർതൃവീട്ടുകാരും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഗനവിയുടെ പിതാവ് ആരോപിച്ചു.
ഒന്നര മാസം മുമ്പായിരുന്നു ഗനവിയുടേയും സൂരജിന്റെയും വിവാഹം. ശ്രീലങ്കയിലേക്ക് പത്ത് ദിവസത്തെ മധുവിധു ആഘോഷത്തിനായി പോയ ഇവർ അഞ്ച് ദിവസത്തിന് ശേഷം പാതിവഴിയിൽ മടങ്ങിയെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗനവി ആത്മഹത്യാശ്രമം നടത്തിയത്. ഭർത്താവ് സൂരജും സൂരജിന്റെ അമ്മ ജയന്തിയും ചേർന്ന് ഗനവിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് പിതാവ് ശശി നൽകിയ പരാതിയിൽ പറയുന്നു.
ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നാല്പത് ലക്ഷം രൂപ ചെലവിട്ട് ആർഭാടപൂർവം വിവാഹ റിസപ്ഷൻ നടത്തിയതിന് ശേഷവും ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് ശശി ആരോപിക്കുന്നു. മധുവിധു കഴിഞ്ഞെത്തിയതിന് പിന്നാലെ മകളെ കൂട്ടിക്കൊണ്ടുപോകാൻ സൂരജ് ആവശ്യപ്പെട്ടതായും ശശി പരാതിപ്പെട്ടു.
സംഭവത്തിൽ രാമമൂർത്തി നഗർ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.