വിവാഹിതയായ നിശാക്ലബ് ജീവനക്കാരിയെ പരിചയപ്പെട്ടത് ആറുമാസം മുമ്പ്; പല തവണ വിവാഹാഭ്യർഥന നിരസിച്ചത്തിൽ പ്രതികാരം; 25കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്; രണ്ട് പേർ പിടിയിൽ

Update: 2025-12-26 13:30 GMT

ഗുരുഗ്രാം: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് നിശാക്ലബ് ജീവനക്കാരിയായ 25 വയസ്സുകാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഡിസംബർ 20-ന് പുലർച്ചെ ഗുരുഗ്രാമിലെ എംജി റോഡിലുള്ള ഒരു നിശാക്ലബ്ബിലാണ് സംഭവം. സംഗം വിഹാർ സ്വദേശി തുഷാർ, സുഹൃത്ത് ശുഭം എന്നിവരെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ കൽപനയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിസംബർ 19-ന് രാത്രി ജോലിക്ക് പോയ കൽപന, 20-ന് പുലർച്ചെ ഒരുമണിയോടെ ഭർത്താവിനെ വിളിച്ച് തനിക്ക് വെടിയേറ്റ വിവരം അറിയിക്കുകയായിരുന്നു. കൽപനയുടെ ഭർത്താവിന്റെ പരാതിയിലാണ് തുഷാറിനെയും ശുഭത്തിനെയും പോലീസ് പിടികൂടിയത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഡിസംബർ 19-ന് തുഷാറും ശുഭവും നിശാക്ലബ്ബിൽ എത്തുകയും കൽപനയോട് വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു.

എന്നാൽ, വിവാഹിതയായ കൽപന ഇത് നിരസിച്ചതിനെ തുടർന്ന് തുഷാർ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആറുമാസം മുമ്പ് കൽപനയെ പരിചയപ്പെട്ടെന്നും പലതവണ വിവാഹത്തിന് താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും അവർ തുടർച്ചയായി നിരസിക്കുകയായിരുന്നുവെന്നും തുഷാർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് തുഷാർ തങ്ങളുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നതായും കൽപനയുടെ ഭർത്താവ് പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

Tags:    

Similar News