ആറ് വര്‍ഷം മുമ്പ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു; അത് തെറ്റായ കാര്യമായിരുന്നു; അത് തിരുത്തുന്നു'; നടി പര്‍ണോ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍

Update: 2025-12-26 12:59 GMT

കൊല്‍ക്കത്ത: ബംഗാളി നടി പര്‍ണോ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാന ധനകാര്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, ജയപ്രകാശ് മജുംദാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മമതക്കു കീഴില്‍ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുന്നതില്‍ ആകൃഷ്ടയായി പര്‍ണോ മിത്ര തങ്ങളോട് താല്‍പര്യം അറിയിക്കുകയായിരുന്നുവെന്ന് ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. അതേസമയം നടി പാര്‍ട്ടി മാറുന്നത് എന്തെങ്കിലും തരത്തില്‍ ബി.ജെ.പിക്ക് ദോഷമാകുകയോ തൃണമൂലിന് ഗുണം ചെയ്യുകയോ ഇല്ലെന്ന് ബി.ജെ.പി നേതാവ് രുദ്രനില്‍ ഘോഷ് പറഞ്ഞു.

ആറ് വര്‍ഷം മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന പര്‍ണോ മിത്ര, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന നടി വെള്ളിയാഴ്ച തൃണമൂലില്‍ ചേരുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാതിരുന്ന അവര്‍, ബി.ജെ.പിയില്‍ ചേര്‍ന്ന തീരുമാനം തെറ്റായിപ്പോയെന്ന് പറഞ്ഞു.

''ഇന്ന് എനിക്ക് ക്രിസ്മസ് പോലെയാണ്. എന്റെ പുതിയ യാത്ര മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മാര്‍ഗനിര്‍ദേശത്തോടും ആശിര്‍വാദത്തോടും കൂടി ആരംഭിക്കുകയാണ്. അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിനു കീഴില്‍ ദീദിക്കൊപ്പം ഞാന്‍ മുന്നേറും. ആറ് വര്‍ഷം മുമ്പ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അത് തെറ്റായ കാര്യമായിരുന്നു. ആളുകള്‍ തെറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് തിരുത്തുകയെന്നതാണ് പ്രധാനം. ആ തെറ്റ് തിരുത്താനായതിലൂടെ അനുഗൃഹീതയായെന്ന് ഞാന്‍ വിശ്വസിക്കുന്നു'' -പര്‍ണോ മിത്ര പറഞ്ഞു.

2007ല്‍ ഖേല എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് പര്‍ണോ മിത്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. അഞ്ജന്‍ ദത്തിന്റെ രഞ്ജന അമി അര്‍ അഷ്‌ബോ നാ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദേവ്, സോഹം ചക്രവര്‍ത്തി, രാജ് ചക്രവര്‍ത്തി, ജൂണ്‍ മാലിയ എന്നിവരുള്‍പ്പെടെ നിരവധി ബംഗാളി സിനിമാതാരങ്ങള്‍ നിലവില്‍ തൃണമൂലില്‍ സജീവമാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ അഭിനേതാക്കളും സിനിമാ പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന നേതാവ് പറഞ്ഞു.

Similar News