പുതിയ ഫോൺ വാങ്ങിയതിന് ചിലവ് ചോദിച്ചു; വിസ്സമ്മതിച്ചതിൽ പ്രതികാരം; 16 വയസ്സുകാരനെ മൂവർ സംഘം കുത്തികൊലപ്പെടുത്തി
ഡൽഹി: പുതിയ ഫോൺ വാങ്ങിയതിന് ചിലവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 16 വയസ്സുകാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് ചേർന്ന് കുത്തിക്കൊന്നു. തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെ ഷകർപൂർ പ്രദേശത്താണ് സംഭവമുണ്ടായത്. പ്രതികൾ മൂന്നു പേർക്കും 16 വയസ്സും ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുമാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് കൊലചെയ്യപ്പെട്ട സച്ചിൻ തൻ്റെ ഒരു സുഹൃത്തിനൊപ്പം പുതിയ ഫോൺ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽ അവർ മൂന്ന് ആൺകുട്ടികളുമായി സംസാരിച്ചു. ഇവർ സച്ചിന്റെ സുഹൃത്തുക്കളാണെന്നാണ് പ്രാഥമിക നിഗമനം. പുതിയ ഫോൺ വാങ്ങിയത് ആഘോഷിക്കാൻ സംഘം സച്ചിനോട് ചിലവ് ചോദിച്ചു. എന്നാൽ വിസമ്മതിച്ചതിനെ തുടർന്ന് സച്ചിനും സംഘവുമായി രൂക്ഷമായ തർക്കമുണ്ടായി.
ഈ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾ സച്ചിനെ കത്തി കൊണ്ട് കുത്തുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം ഷകർപൂരിലെ തെരുവിൽ പട്രോളിംഗ് നടത്തിയിരുന്ന പോലീസ് സംഘം രക്തക്കറ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാട്ടുകാർ നിർണായകമായ വിവരം പൊലീസിന് കൈമാറുകയായിരുന്നു.
മൂവർ സംഘം ഒരു ആൺകുട്ടിയെ കുത്തുകയായിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റിരുന്നു ആൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നും നാട്ടുകാരുടെ മൊഴിയിൽ നിന്നും പോലീസ് മനസ്സിലാക്കി.
ഏകദേശം ഒരു മണിക്കൂറിന് ശേഷം, എൽഎൻജെപി ആശുപത്രിയിൽ നിന്നും സച്ചിൻ എന്ന 16 വയസ്സുകാരനെ മരിച്ച നിലയിൽ എത്തിച്ചതായി ഷകർപൂർ പോലീസ് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചു. മൃതദേഹം പരിശോധിച്ചപ്പോൾ ശരീരത്തിന്റെ പിന്നിൽ രണ്ട് കുത്തുകൾ കണ്ടെത്താനായെന്നും പോലീസ് വ്യക്തമാക്കി.
ഭാരതീയ ന്യായ സൻഹിതയിലെ 103(1), 3(5) വകുപ്പുകൾ പ്രകാരം പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികൾക്കുമെതിരെ ഷക്കർപൂർ പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്ത പോലീസ് നാട്ടുകാർ നൽകിയ മൊഴിയിലുൾപ്പെടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽപ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.