സ്വത്ത് തർക്കം; മുംബൈയിൽ 40കാരനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൊലപ്പെടുത്തി; തടയാനെത്തിയ കുടുംബാങ്ങൾക്ക് നേരെയും അക്രമം; സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
മുംബൈ: ദർഗ ഗലിയിൽ 40കാരനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്. വ്യാഴാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഷക്കീർ അലി എന്ന ആളാണ് കൊല്ലപ്പെട്ടത്. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ ബാന്ദ്ര പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ മരിച്ച ഷാക്കിർ അലിയുടെ ബന്ധുവായിരുന്നു. ഇമ്രാൻ ഖാൻ, ഭാര്യ കായനത്ത് ഖാൻ, അവരുടെ പിതാവ് നാസിർ ഖാൻ (62), സഹോദരൻ ഫാറൂഖ് ഖാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഷക്കീറിൻറെ വീട്ടിലേക്ക് ഒരു കൂട്ടം ആക്രമികൾ ആയുധങ്ങളുമായി അതിക്രമിച്ച് കടന്ന് അക്രമിക്കുകയായിരുന്നു. ഷാക്കിറും കായനത്തും തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റ് രണ്ട് കുടുംബാംങ്ങൾക്കും പരിക്കേറ്റു. ഷാക്കിർ അലി ഷെയ്ഖിന്റെ ബന്ധുവായ അഫ്സൽ അലി ഷെയ്ഖ്, അഫ്സൽ അലിയുടെ അമ്മ, മറ്റൊരു ബന്ധുവായ ഖിജതലി സാൻഡോൾ എന്നിവർക്കാണ് പരിക്കേറ്റത്.
മയക്കു മരുന്നു വിൽപ്പനയുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ എന്നാണ് സൂചന. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. കുറ്റകൃത്യവുമായി മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾക്കെതിരെ ഇരയുടെ കുടുംബം മുന്നോട്ടു വന്നു. ഭാരതീയ ന്യായ സംഹിതയിലെ 103(1), 109, 118(1), 115, 49, 352, 351(2), 3(5), ആയുധ നിയമത്തിലെ സെക്ഷൻ 4, 25 എന്നിവ പ്രകാരമാണ് ബാന്ദ്ര പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളെ സംരക്ഷിക്കുന്നതിനായി ഭാഭ ആശുപത്രിയിലെ ജീവനക്കാർ വ്യാജ റിപ്പോർട്ടുകൾ തയാറാക്കിയെന്നാണ് ആരോപണം. എന്നാൽ ആരോപണം ശരിവയ്ക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പ്രതികളിൽ നിന്ന് ജീവനിൽ ഭീഷണി ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്ന് ഷക്കീറിന്റെ സഹോദരി പരാതിപ്പെട്ടു. പരിസരത്തെ വീടുകളിൽ നിന്നും ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് സംഘം പരിശോധിക്കുകയും സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.