അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ റദ്ദാക്കിയ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കുന്നു; ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും; പൂര്‍ണമായി സര്‍വീസുകള്‍ തുടങ്ങുക ഒക്ടടോബര്‍ ഒന്ന് മുതല്‍
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നടന്ന ദാരുണമായ വിമാന ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. എല്ലാ സര്‍വീസുകളും ഒക്ടോബര്‍ ഒന്നു മുതല്‍ പൂര്‍ണമായി പുനസ്ഥാപിക്കുമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 12നാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എഐ 171 ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം നിയന്ത്രണം വിട്ട് സമീപത്തെ ഹോസ്റ്റലില്‍ ഇടിച്ചുകയറുന്നത്. അപകടത്തില്‍ ജീവനക്കാരും യാത്രക്കാര്‍ ഉള്‍പ്പെടെ 260 പേര്‍ ജീവന്‍ നഷ്ടപ്പെട്ടു. ദുരന്തത്തെ തുടര്‍ന്ന് സാങ്കേതിക പരിശോധനകള്‍ക്കും സുരക്ഷാ നടപടികള്‍ക്കുമായി നിരവധി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബോയിംഗ് 787 മോഡലുകളില്‍ കൂടുതല്‍ മുന്‍കരുതല്‍ പരിശോധനകള്‍ ആരംഭിച്ചതായി ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അറിയിച്ചു. മിഡില്‍ ഈസ്റ്റ് വ്യോമാതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ മൂലമുണ്ടായ ദൂരം കൂടിയതും സര്‍വീസ് ക്രമീകരണങ്ങളില്‍ പ്രാധാന്യപ്പെട്ടതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30വരെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ നടത്തുന്നുണ്ടാകും. മുമ്പ് അഹമ്മദാബാദില്‍ നിന്ന് ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കായിരുന്നു എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നത്. ഡല്‍ഹി-ഹീത്രോ റൂട്ടില്‍ ഇന്ന് മുതല്‍ പുനരാരംഭിച്ച 24 പ്രതിവാര സര്‍വീസുകളും നിലവില്‍ ഉണ്ട്.
ഇതിനുപുറമേ, ഡല്‍ഹിയില്‍ നിന്ന് സൂറിച്ചിലേക്കുള്ള സര്‍വീസുകള്‍ ആഗസ്റ്റ് 1 മുതല്‍ ആഴ്ചയില്‍ നാല് മുതല്‍ അഞ്ച് വരെയാക്കി വര്‍ദ്ധിപ്പിക്കും. വടക്കേ അമേരിക്കയിലെ വാഷിംഗ്ടണ്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ടൊറന്റോ, വാന്‍കൂവര്‍ എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇനിയും പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ല. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്നി റൂട്ടുകളിലേക്കുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ ഏഴില്‍ നിന്ന് അഞ്ചായി കുറയ്ക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.