അമേഠിയിൽ കുടുംബത്തെ ഒരു സംഘം വീട്ടിൽ കയറി വെടിവെച്ചുക്കൊന്നു; കൊല്ലപ്പെട്ടവരിൽ രണ്ട് പിഞ്ച്കുഞ്ഞുങ്ങളും; ജീവന് ഭീക്ഷണിയുണ്ടെന്ന് പരാതി നൽകി ദിവസങ്ങൾക്ക് ശേഷം കൊലപാതകം; പ്രതികൾക്കെതിരെ ക‌ർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Update: 2024-10-04 07:30 GMT

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ അദ്ധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽ കയറി വെടിവെച്ചുകൊന്നു. സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ കൊലപാതകത്തിന്റെ കാരണം, എത്ര പേർ സംഘത്തിലുണ്ടായിരുന്നു എന്ന വിവരങ്ങളൊന്നും ഇപ്പോൾ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ക‌ർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനൽകി.

കുടുംബത്തിന് നേരെ റായ്ബറേലി സ്വദേശിയായ ചന്ദൻ വർമ എന്നയാളുടെ വധഭീക്ഷണി ഉണ്ടെന്ന് പൂനം ഓഗസ്റ്റിൽ പരാതി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികൾക്ക് അഞ്ചും,രണ്ടും വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. മോഷണ ശ്രമമാകാനുള്ള സാധ്യത പോലീസ് തള്ളി. ആസൂത്രിതമായി നടത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.

ലൈംഗികാതിക്രമം, ജീവന് ഭീഷണി, എസ്‌സി / എസ്‌ടി നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് പൂനം നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിന് മരുന്ന് വാങ്ങാനായി റായ്‌ബറേലിയിലെ ആശുപത്രിയിൽ പോയപ്പോൾ ചന്ദൻ പൂനത്തിനോട് മോശമായി പെരുമാറി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

എതിർത്തപ്പോൾ തന്നെയും ഭർത്താവിനെയും അടിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പൂനത്തിന്റെ പരാതിയിലുണ്ട്. സംഭവം പുറത്തറിഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. കുടുംബം ഭയത്തിലാണ് കഴിയുന്നത്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചന്ദൻ ആണ് ഉത്തരവാദി. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. “അമേഠി ജില്ലയിൽ ഇന്ന് നടന്ന സംഭവം അങ്ങേയറ്റം അപലപനീയവും പൊറുക്കാനാവാത്തതുമാണ്. എൻ്റെ അനുശോചനം ദുഃഖിതരായ കുടുംബത്തോടൊപ്പമുണ്ട്. ദുരിതത്തിൻ്റെ ഈ വേളയിൽ യുപി സർക്കാർ ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നു. ഈ സംഭവത്തിലെ കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല, അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും” സമൂഹ മാധ്യമമായ എക്‌സിൽ മുഖ്യമന്ത്രി കുറിച്ചു.

Tags:    

Similar News