മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും: അമിത് ഷാ
മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും: അമിത് ഷാ
ന്യൂഡല്‍ഹി: മയക്കുമരുന്ന് കടത്തുകാരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത്യാര്‍ത്തിക്കുവേണ്ടി യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കുമെന്നും അമിത് ഷാ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ലഹരി വിമുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിന് കൃത്യമായ പരിശോധനകള്‍ ഏര്‍പ്പെടുത്തി ഇത്തരം വിപത്തിനെതിരായുള്ള പോരാട്ടം തുടരും. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മുകള്‍തട്ട് മുതല്‍ താഴെ തട്ടുവരെയുള്ള ശൃംഖല ഇല്ലാതാക്കിയതില്‍ 12 വ്യത്യസ്ത കേസുകളില്‍ 29 പേരെ കോടതികള്‍ ശിക്ഷിച്ചിട്ടുണ്ട്.
മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നയത്തിന്റെ വിജയമാണിത്. അഹ്‌മദാബാദ്, ഭോപാല്‍, ചണ്ഡിഗഢ്, കൊച്ചി, ഡെറാഡൂണ്‍, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ലഖ്നൗ എന്നിവിടങ്ങളില്‍ നിരവധി മയക്കുമരുന്ന് കടത്തുകാര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) പിടിയിലായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.