അടുത്ത ദശാബ്ദത്തിനുള്ളില്‍ രണ്ട് അമേരിക്കകള്‍ സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നില്‍; 500 ദശലക്ഷം പേര്‍ നഗരവത്കരണത്തിന്റെ ഭാഗമാകും; അമിതാഭ് കാന്ത്
അടുത്ത ദശാബ്ദത്തിനുള്ളില്‍ രണ്ട് അമേരിക്കകള്‍ സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നില്‍
ന്യൂഡല്‍ഹി: നാഗരിക രാഷ്ട്രത്തില്‍ സുസ്ഥിര നഗരങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകത ചൂണ്ടികാട്ടി നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത്. അത്തരം പ്രോജക്ടുകള്‍ വികസനത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും കേന്ദ്രമാണെന്നും ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സിന സംവാദത്തിനിടെ അമിതാഭ് കാന്ത് പറഞ്ഞു.
'വികസനത്തില്‍ നഗരങ്ങളുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അടുത്ത ദശാബ്ദത്തിനുള്ളില്‍ 500 ദശലക്ഷം പേര്‍ നഗരവത്കരണത്തിന്റെ ഭാഗമാകും. അതായത് ഈ കാലയളവിനുള്ളില്‍ രണ്ട് അമേരിക്കകള്‍ സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുളളത്.' പാനല്‍ ചര്‍ച്ചകള്‍ക്കിടയിലാണ് അമിതാഭ് കാന്ത് അഭിപ്രായം പങ്കുവച്ചത്.
വികസനത്തിന് നിലവിലുള്ള നഗരങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. 18 ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മൊത്തം ജിഡിപിയെക്കാള്‍ കൂടുതലാണ് മുംബൈയുടെ ജിഡിപി. അതു പോലെ, ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്‍പൂരിനെക്കാള്‍ 12 മടങ്ങ് കൂടുതലാണ് ഗൗതം ബുദ്ധ നഗര്‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ നഗരങ്ങളുടെ ജിഡിപി. ഇതാണ് വികസനം, ഇതാണ് ജി ഡി പി, ഇതാണ് ഇന്നവേഷന്‍, ഇങ്ങനെയാണ് പുതിയ നഗരങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്.' കാന്ത് കൂട്ടിചേര്‍ത്തു.
ചര്‍ച്ചയില്‍ മാലിദ്വീപിന്റെ മുന്‍പ്രസിഡന്റും നിലവില്‍ ക്ലൈമറ്റ് വള്‍നേറബിള്‍ ഫോറത്തിന്റെ സെക്രട്ടറി ജനറലുമായ മുഹമദ് നഷീദ് സുസ്ഥിരതയിലൂടെ മാത്രമേ രാഷ്ട്രങ്ങള്‍ക്ക് അഭിവൃദ്ധി നേടാന്‍ കഴിയൂ എന്ന് ആഭിപ്രായപ്പെട്ടു.