ഭക്ഷണഹാളിൽ രസഗുളയെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; കസേരകളും പ്ലേറ്റുകളും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി ബന്ധുക്കൾ; വിവാഹം മുടങ്ങി; വൈറലായി വീഡിയോ

Update: 2025-12-05 06:06 GMT

ബോധ്ഗയ: ബിഹാറിൽ ഒരു വിവാഹച്ചടങ്ങിനെയുണ്ടായ രസഗുളയുടെ കുറവിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ല്. നവംബർ 29ന് ബോധ്ഗയയിലെ ഒരു ഹോട്ടലിൽ നടന്ന വിവാഹത്തിലാണ് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് വിവാഹം മുടങ്ങുകയും ചെയ്തു. സംഭവത്തിൽ ഇരുപക്ഷത്തെയും നിരവധി പേർക്ക് പരിക്കേറ്റു.

വിവാഹച്ചടങ്ങുകൾക്ക് ശേഷം ഭക്ഷണപന്തലിൽ രസഗുളയുടെ എണ്ണം കുറവാണെന്ന് വധുവിന്റെ വീട്ടുകാർ പരാതി ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ തർക്കം നിമിഷങ്ങൾക്കകം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ആളുകൾ രണ്ട് സംഘങ്ങളായി തിരിയുകയും കസേരകളും പ്ലേറ്റുകളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഈ സംഘർഷത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. രസഗുള കിട്ടാത്തതാണ് തർക്കത്തിന് കാരണമെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് വെളിപ്പെടുത്തി. തങ്ങൾക്കെതിരെ വധുവിന്റെ കുടുംബം വ്യാജ സ്ത്രീധനപീഡന പരാതി നൽകിയിട്ടുണ്ടെന്നും വരന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. തർക്കമുണ്ടായതിന് ശേഷവും വിവാഹവുമായി മുന്നോട്ട് പോകാൻ തങ്ങൾ തയ്യാറായിരുന്നുവെന്ന് വരന്റെ മാതാവ് മുന്നി ദേവി പറഞ്ഞു.

എന്നാൽ, വിവാഹത്തിന് താൽപര്യമില്ലെന്ന് വധുവിന്റെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. വധുവിന് നൽകാനായി വെച്ചിരുന്ന സ്വർണം വധുവിന്റെ കുടുംബം കൊണ്ടുപോയതായും മുന്നി ദേവി ആരോപിച്ചു. 

Tags:    

Similar News