70 കഴിഞ്ഞ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്;ആയുഷ്മാന്‍ ഭാരതിന് നാളെ തുടക്കം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
70 കഴിഞ്ഞ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്;ആയുഷ്മാന്‍ ഭാരതിന് നാളെ തുടക്കം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കംകുറിക്കും. കുടുംബത്തിന്റെ വാര്‍ഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവര്‍ക്കും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിത്. സമ്പന്ന-ദരിദ്ര ഭേദമില്ലാതെ നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിര്‍ന്ന പൗരര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്.
ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരരുണ്ടെങ്കില്‍ അത് പങ്കുവെക്കും. നിലവില്‍ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങളിലെ മുതിര്‍ന്നപൗരര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. 70 കഴിഞ്ഞ ആര്‍ക്കും അംഗങ്ങളാവാം. ഡല്‍ഹി, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക. ആധാര്‍കാര്‍ഡ് പ്രകാരം 70 വയസ്സോ അതില്‍ കൂടുതലോ ഉള്ള ആര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം.
ആപ്പില്‍ രജിസ്റ്റര്‍ചെയ്യണം
ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതിയായതിനാല്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യണം. ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ വീണ്ടും പുതിയ കാര്‍ഡിനായി അപേക്ഷിക്കുകയും ഇ.കെ.വൈ.സി. പൂര്‍ത്തിയാക്കുകയും വേണം. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയതോ രജിസ്റ്റര്‍ ചെയ്യാം.
മറ്റു പോളിസിയുള്ളവര്‍ക്കും അര്‍ഹത
സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളവരോ, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ളവരോ ആയ 70 വയസ്സും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരര്‍ക്ക് പദ്ധതിക്കുകീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് അതില്‍ തുടരുകയോ ആയുഷ്മാന്‍ ഭാരതില്‍ ചേരുകയോ ചെയ്യാം.