വയോധികരായ ദമ്പതിമാരെ അതിക്രൂരമായി മർദിച്ച് മരുമകളായ ഡോക്ടറും പേരക്കുട്ടികളും; ഭയന്ന് നിലവിളിച്ച് ദമ്പതിമാർ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് പോലീസ്
ബെംഗളൂരു: വയോധികരായ ദമ്പതിമാരെ വീട്ടില്‍ക്കയറി മര്‍ദിച്ച മരുമകളായ ഡോക്ടര്‍ക്കെതിരേ പോലീസ് കേസ് എടുത്തു. ബെംഗളൂരുവില്‍ ഡോക്ടറായ പ്രിയദര്‍ശിനിക്കെതിരേയാണ് ഭര്‍തൃപിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. വനിതാ ഡോക്ടറും ഇവരുടെ കുട്ടികളും ഭര്‍തൃമാതാപിതാക്കളെ മര്‍ദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മാര്‍ച്ച് പത്താം തീയതി നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. മരുമകളായ ഡോ. പ്രിയദര്‍ശിനിയും പേരക്കുട്ടികളും തന്നെയും ഭാര്യയെയും മകനെയും വീട്ടില്‍ കയറി അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നുമാണ് ഭര്‍തൃപിതാവായ ജെ. നരസിംഹയ്യയുടെ പരാതി. വനിതാ ഡോക്ടറും മക്കളും പ്രായമായ ദമ്പതിമാരെ മര്‍ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, ഭര്‍ത്താവിന്റെ വീട്ടുകാരാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഡോ. പ്രിയദര്‍ശിനിയുടെ അവകാശവാദം. ഭര്‍ത്താവ് മക്കള്‍ക്ക് നല്‍കേണ്ട സാമ്പത്തികസഹായം നല്‍കാത്തതിനാലാണ് ഭര്‍ത്താവിന്റെ വീട്ടില്‍പോയത്. ഇതിനിടെയാണ് പ്രകോപനമുണ്ടായതെന്നും തുടര്‍ന്ന് ക്ഷമ നശിച്ചാണ് താനും കുട്ടികളും പ്രതികരിച്ചതെന്നും വനിതാ ഡോക്ടര്‍ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.