'അനാവശ്യ കാര്യങ്ങൾ എന്തിനാണ് ചോദിക്കുന്നത്?; സഹോദരൻ അറസ്റ്റിലായത് 46 കിലോ കഞ്ചാവുമായി; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ചൂടായി ബി.ജെ.പി മന്ത്രി; വൈറലായി വീഡിയോ

Update: 2025-12-10 14:18 GMT

ഡൽഹി: സഹോദരൻ 46 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ സംഭവത്തിൽ, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതയായി മന്ത്രി. മധ്യപ്രദേശ് നഗരവികസന, ഭവനനിർമ്മാണ സഹമന്ത്രിയായ പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രിയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. സംസ്ഥാനത്ത് നടന്ന ലഹരിമരുന്ന് വേട്ടയിലാണ് മന്ത്രിയുടെ സഹോദരനും സഹായി പങ്കജ് സിംഗും അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടർന്ന് റാംപൂർ ബാഗേലൻ പോലീസ് നടത്തിയ പരിശോധനയിൽ, നെല്ല് സൂക്ഷിച്ചിരുന്ന ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 46 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇതിന് ഏകദേശം 9.22 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതി 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മന്ത്രിയുടെ സഹോദരൻ അനിൽ ബാഗ്രിയും ഒളിവിലുള്ള ശൈലേന്ദ്ര സിംഗ് രജാവത്തും ചേർന്നാണ് കഞ്ചാവ് കൈമാറിയതെന്ന് പങ്കജ് സിംഗ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ഈ കേസിലെ മറ്റൊരു പ്രതിയായ മന്ത്രിയുടെ സഹോദരീ ഭർത്താവ് ശൈലേന്ദ്ര സിംഗ് സെമ്മുവിനെ ദിവസങ്ങൾക്ക് മുൻപ് 10.4 കിലോഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അനിൽ ബാഗ്രിയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാനായി മാധ്യമപ്രവർത്തകർ മന്ത്രി പ്രതിമ ബാഗ്രിയെ സമീപിച്ചപ്പോഴാണ് സംഭവം. ചോദ്യത്തിൽ ക്ഷുഭിതയായ മന്ത്രി, "അനാവശ്യ കാര്യങ്ങൾ എന്തിനാണ് ചോദിക്കുന്നത്?" എന്ന് ചോദിക്കുകയും, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തുടർച്ചയായി ലഹരിമരുന്ന് കേസുകളിൽ അറസ്റ്റിലാകുന്നത് ഭരണകക്ഷിയായ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

Tags:    

Similar News