ഏകനാഥ് ഷിന്‍ഡെയെ പരിഹസിച്ചു; കുനാല്‍ കമ്രയുടെ പേരും ഉള്ളടക്കങ്ങളും നീക്കം ചെയ്ത് ബുക്ക് മൈഷോ
കുനാല്‍ കമ്രയുടെ പേരും ഉള്ളടക്കങ്ങളും നീക്കം ചെയ്ത് ബുക്ക് മൈഷോ
മുംബൈ: സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്ത് ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈഷോ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബുക്ക് മൈ ഷോയുടെ നടപടി. വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന കലാകാരന്മാരുടെ പട്ടികയില്‍ നിന്നും കുനാലിന്റെ പേര് നീക്കം ചെയ്തു.
ഒരു സ്റ്റാന്‍ഡ് അപ്പ് കേമഡി ഷോയില്‍ ഷിന്‍ഡെയെ പരിഹസിച്ചെന്നും അതിനാല്‍ കുനാലിന് വേദി നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ച് ശിവസേന (ഷിന്‍ഡെ വിഭാഗം) നേതാവ് റഹൂള്‍ എന്‍ കനാല്‍ ബുക്ക് മൈഷോയ്ക്ക് കത്തെഴുതിയതിയിരുന്നു. കുനാലിന്റെ ഇനി വരാനിരിക്കുന്ന ഷോകളുടെ ടിക്കറ്റുകള്‍ ബുക്ക്‌മൈഷോ വഴി വില്‍പ്പന നടത്തരുതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് ബുക്ക് മൈഷോയുടെ നീക്കം.
മുംബൈയിലെ ഹാബിറ്റാറ്റില്‍ നടന്ന കുനാല്‍ കമ്രയുടെ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടിയില്‍ ഏക്‌നാഥ് ഷിന്‍ഡയെ പരിഹസിച്ചെന്നാരോപിച്ചായിരുന്നു ആരോപണം. 1997 ലെ ബ്ലോക്ക്ബസ്റ്റര്‍ ദില്‍ തോ പാഗല്‍ ഹേയിലെ ജനപ്രിയ ഗാനമായ 'ഭോലി സി സൂറത്ത്' എന്ന ഗാനത്തിന്റെ പാരഡി പതിപ്പിലൂടെ ഷിന്‍ഡെയെ പരിഹസിച്ചെന്നാണ് ആരോപിച്ചത് 2022 ല്‍ ഉദ്ധവ് താക്കറെയ്ക്കെതിരെ കലാപം നയിച്ച ശിവസേന നേതാവിനെ കുണാല്‍ 'ഗദ്ദാര്‍' (രാജ്യദ്രോഹി) എന്ന് പരിഹസിച്ചിരുന്നു.
അതേസമയം, കുനാലിനെതിരെ മാനനഷ്ടത്തിനും പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ക്കും മുംബൈ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകാന്‍ മൂന്നാമതും പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.