നടന്ന് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്നെത്തി മാല കവർന്നു; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അനിയൻ ബൈക്കോടിക്കുമ്പോൾ ചേച്ചിയുടെ മാല പൊട്ടിക്കൽ; പിടിയിലായത് 'ബണ്ടി-ബബ്ലി' സഹോദങ്ങൾ
ന്യൂഡൽഹി: സ്ത്രീകളിൽ നിന്നും സ്വർണമാലകൾ തട്ടിപ്പറിച്ച കേസിൽ 24 കാരിയും 17കാരനായ സഹോദരനും ഡൽഹിയിൽ അറസ്റ്റിൽ. 'ബണ്ടി-ബബ്ലി' എന്ന പേരിൽ അറിയപ്പെടുന്ന സഹോദരങ്ങളാണ് പിടിയിലായത്. 2005 ലെ ബോളിവുഡ് ചിത്രമായ 'ബണ്ടി ഔർ ബബ്ലി'യിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് സഹോദരങ്ങളുടെ തട്ടിപ്പ്. മാളവ്യ നഗറിൽ നടന്ന മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതികളിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച ബൈക്കും തട്ടിയെടുത്ത സ്വർണമാലകളും പോലീസ് കണ്ടെടുത്തു. സഹോദരൻ ബൈക്ക് ഓടിക്കുമ്പോൾ സഹോദരി പിൻസീറ്റിലിരുന്ന് മാല തട്ടിപ്പറിക്കുന്നതായിരുന്നു ഇവരുടെ രീതി. നിലവിൽ നാല് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർക്കറ്റിൽ നിന്നും ഭർത്താവിനോടൊപ്പം നടന്ന് പോവുകയായിരുന്ന യുവതിയുടെ മാലയാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് ഇവരുടെ രീതി പോലീസ് കണ്ടെത്തിയത്.
പുഷ്പവിഹാറിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരുടെ മാതാപിതാക്കൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഇവരുടെ പിതാവ് ഡൽഹിയിലെ അറിയപ്പെടുന്ന ക്രിമിനൽ സംഘാംഗമായിരുന്നു. 2018ൽ ഉത്തർപ്രദേശിൽ നടന്ന ഒരു കവർച്ചാശ്രമത്തിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തതായും, ഇത് ഒരാളുടെ മരണത്തിനും മറ്റൊരു പോലീസുകാരന് പരിക്കേൽക്കുന്നതിനും ഇടയാക്കിയതായും പോലീസ് അറിയിച്ചു. അന്ന് വെടിയേറ്റ് വീൽചെയറിലായിരുന്ന ഇയാളുടെ മകനാണ് ഇപ്പോൾ അറസ്റ്റിലായ പ്രതികളിലൊരാൾ.