ക്ഷേത്ര ദർശനത്തിനെന്ന വ്യാജേനയെത്തി; ശിവലിംഗത്തിൽ നിന്നും പാമ്പിനെ ചാക്കിലാക്കി യുവാവ് കടന്നു; സിസിടിവിയിൽ കുടുങ്ങി മോഷ്ടാവ്
ലക്‌നൗ: ഉത്തർ പ്രദേശിൽ ക്ഷേത്ര ദർശനത്തിനെന്ന വ്യാജേനയെത്തി ശിവലിംഗത്തിൽ നിന്ന് വെള്ളി കൊണ്ടു നിർമ്മിച്ച പാമ്പിനെ മോഷ്ടിച്ചു. സഹാറൻപൂരിലെ ശനിദേവ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ശിവ ലിംഗത്തിൽ സ്ഥാപിച്ചിരുന്ന വെള്ളികൊണ്ടുള്ള നാഗരൂപമാണ് മോഷണം പോയത്. യുവാവിന്റെ മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചുറ്റും ആരുമില്ലെന്ന് യുവാവ് ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ വിഗ്രഹം വച്ചിരുന്ന മുറിയിലെ സിസിടിവി യുവാവിന്റെ ശ്രദ്ധയിൽപെട്ടില്ല. ഇതോടെ സംഭവം പുറത്തുവരികയായിരുന്നു. ചാക്ക് തുറന്ന് വിഗ്രഹത്തിൽ നിന്ന് നാഗരൂപം മോഷ്ടിച്ച് ചാക്കിലിട്ട് പോവുന്നതിന് കഷ്ടിച്ച് രണ്ട് മിനിറ്റ് സമയമാണ് യുവാവ് എടുത്തത്. ഇൻസൈഡ് ചെയ്ത ഷർട്ടും പാന്റുമൊക്കെ ഇട്ട് മാന്യനായാണ് യുവാവ് വിഗ്രഹത്തിന് സമീപത്ത് എത്തുന്നത്. യുവാവിന്റെ തോളിലൂടെ ബാഗും ഇട്ടിരുന്നു.
നാഗരൂപം ചാക്കിലാക്കിയതോടെ ഒട്ടും സമയം പാഴാക്കാതെ യുവാവ് സ്ഥലം വിട്ടു. സംഭവത്തിൽ ഉത്തർ പ്രദേശ് പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇതിനടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിസിടിവിയിൽ യുവാവിന്റെ മുഖം വ്യക്തമായിട്ടില്ല.