ചില്ലായ് കലാനിലേക്ക് പ്രവേശിച്ചിച്ച് കശ്മീര്‍ ഇനി 40 ദിവസം അതിശൈത്യത്തിന്റെ നാളുകള്‍: താപനില മൈനസ് എട്ടിലേക്ക് താഴ്ന്ന് ശ്രീനഗര്‍
ചില്ലായ് കലാനിലേക്ക് പ്രവേശിച്ചിച്ച് കശ്മീര്‍ ഇനി 40 ദിവസം അതിശൈത്യത്തിന്റെ നാളുകള്‍
ശ്രീനഗര്‍: കശ്മീരില്‍ ഇനി അതിശൈത്യത്തിന്റെ നാളുകള്‍. വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള കാലാവസ്ഥയായ ചില്ലായ് കലാനിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കശ്മീര്‍. വിനോദസഞ്ചാരികളുടെ പ്രിയ ഇടങ്ങളായ ദാല്‍ തടാകവും ശ്രീനഗറും പഹല്‍ഗാമും തണുത്തുറഞ്ഞുകഴിഞ്ഞു. ശ്രീനഗറില്‍ താപനില മൈനസ് എട്ട് ഡിഗ്രിയിലേക്ക് താഴ്ന്നു. ജനുവരി 31 വരെ ചില്ലായ് കലാന്‍ നീണ്ടുനില്‍ക്കാമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
വെള്ളിയാഴ്ച ശ്രീനഗറില്‍ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 1974-നുശേഷം ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്. 1934 ഡിസംബര്‍ 13-ന് രേഖപ്പെടുത്തിയ മൈനസ് 12.8 ഡിഗ്രിയാണ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില. ചില്ലായ് കലാനുശേഷം തണുപ്പ് കുറഞ്ഞുതുടങ്ങുന്ന 'ചില്ലായ് ഖുര്‍ദ്' കാലവും 'ചില്ലായ് ബച്ചായും' പിന്നിട്ടാലേ കശ്മീരിന് സാധാരണ കാലാവസ്ഥയിലേക്ക് കടക്കാനാവൂ.