'മാന്യമായി പെരുമാറുക, അത് എല്ലാവരുടേയും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും; അഞ്ചു മണി വരെയുള്ള ജോലിയല്ല ജഡ്ജിന്റെത്'; ന്യായാധിപര്‍ക്ക് ഉപദേശവുമായി ചീഫ് ജസ്റ്റിസ്
അഞ്ചു മണി വരെയുള്ള ജോലിയല്ല ജഡ്ജിന്റെത്'; ന്യായാധിപര്‍ക്ക് ഉപദേശവുമായി ചീഫ് ജസ്റ്റിസ്
മുംബൈ: കോടതിക്കുള്ളില്‍ ജഡ്ജിമാര്‍ മാന്യമായി പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. കേവലം പത്തുമണി മുതല്‍ അഞ്ചു മണി വരെയുള്ള ജോലിയല്ല ജഡ്ജിന്റെതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നീതി നടപ്പാക്കാന്‍ ജഡ്ജിമാര്‍ പ്രതിജ്ഞാബദ്ധരായിരിക്കണം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബോംബെ ഹൈക്കോടതി നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ച ചീഫ് ജസ്റ്റിസ് ബോംബെ ഹൈക്കോടതിയുടെ മികച്ച വിധിന്യായങ്ങളെ ആളുകള്‍ പ്രശംസിക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തന്റെ ചില സഹപ്രവര്‍ത്തകരുടെ 'പരുഷമായ പെരുമാറ്റം' സംബന്ധിച്ച നിരവധി പരാതികള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. 'ഈയിടെയായി ചില സഹപ്രവര്‍ത്തകരില്‍ നിന്ന് മോശം പെരുമാറ്റത്തെക്കുറിച്ച് എനിക്ക് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. ജഡ്ജിയായി സേവനമനുഷ്ഠിക്കാനുള്ള അവസരം കേവലം പത്ത് മുതല്‍ അഞ്ച് വരെയുള്ള ജോലിയല്ലെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുള്ള അവസരമാണിത്.' ചീഫ് ജസ്റ്റിസ് പറഞ്ഞു.
'അഭിഭാഷകരോട് അപമര്യാദയായി പെരുമാറുന്നതോ ഉദ്യോഗസ്ഥരെ ഇടക്കിടെ കോടതിയിലേക്ക് വിളിപ്പിക്കുന്നതോ ഒരു ലക്ഷ്യത്തിനും സഹായിക്കുന്നില്ല.' അദ്ദേഹം പറഞ്ഞു. 'കോടതിമുറിയിലെ അന്തരീക്ഷം സുഖകരമായി നിലനിര്‍ത്തണം. അത് ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെ എല്ലാവരുടെയും രക്തസമ്മര്‍ദ്ദത്തിന്റെയും പ്രമേഹത്തിന്റെയും അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.' നര്‍മ്മത്തോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രത്തെ സേവിക്കാന്‍ വളരെ കുറച്ച് പേര്‍ മാത്രമേ തെരഞ്ഞെടുക്കപ്പെടുന്നുള്ളൂവെന്നും നീതിക്കുവേണ്ടിയുള്ള പ്രതിബദ്ധതയും സമര്‍പ്പണവുമാണ് ആവശ്യമുള്ളതെന്നും ഒരു മുതിര്‍ന്ന ജഡ്ജിയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.