ഉത്തർ പ്രദേശിലെ സംബാലിൽ സംഘർഷം; ഷാഹി ജമാ മസ്‌ജിദ്‌ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ കല്ലേറ്; വാഹനങ്ങൾക്ക് തീയിട്ടു; കോടതി ഉത്തരവിന് തടസ്സം നിന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

Update: 2024-11-24 09:21 GMT

ദില്ലി: ഉത്തർ പ്രദേശിലെ സംബാലിൽ ഷാഹി ജമാ മസ്‌ജിദ്‌ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സംഘർഷം. കോടതി ഉത്തരവിനെ തുടർന്ന് സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരു കൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിട്ടു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി, കണ്ണീർ വാതകം പ്രയോ​ഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷത്തെ തുടർന്ന് കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏർപ്പെടുത്തിരിക്കുന്നത്.

അതേസമയം, കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. ഹിന്ദു സംഘടനകൾ സമർപ്പിച്ച ഹർജിയിൽ സംബാൽ ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.

മു​ഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നായിരുന്നു ഹർജിയിൽ പറയുന്നത്. തുടർന്നാണ് വീഡിയോയും ഫോട്ടോഗ്രാഫിക് ഡോക്യുമെൻ്റേഷനും ഉൾപ്പെടെ പള്ളിയുടെ സർവേ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.

Tags:    

Similar News