സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; 28കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ക്രൂരതയ്ക്ക് പിന്നിൽ ഭർതൃമാതാപിതാക്കൾ; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് 28 വയസ്സുകാരിയെ ഭർതൃമാതാപിതാക്കൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ കസോലി ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഹിനയുടെ ഭർത്താവ് ഖുഷ്‌നസീബ്, ഭർതൃമാതാവ് ഫർസാന, ഭർതൃപിതാവ് ഇന്‍തസാര്‍, ഭർത്താവിന്റെ രണ്ട് സഹോദരന്മാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ആരോപണവിധേയരായ അഞ്ചുപേരും സംഭവത്തിനുശേഷം ഒളിവിലാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 2023 മേയ് മാസത്തിലായിരുന്നു ഹിനയുടെയും ഖുഷ്‌നസീബിന്റെയും വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞതുമുതൽ ഹിന സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാരിൽനിന്ന് കടുത്ത ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടിരുന്നതായി ഹിനയുടെ സഹോദരൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ടുള്ള ഭർതൃവീട്ടുകാരുടെ തുടർച്ചയായ ഭീഷണികളും മർദ്ദനങ്ങളുമാണ് ഹിനയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ ഡി. ബാജ്‌പേയ് വ്യക്തമാക്കി.