പെങ്ങൾക്കൊപ്പം റെസ്റ്റോറന്‍റിലിരുന്ന സഹോദരന്റെ നേരെ ആക്രോശിച്ചെത്തിയ പോലീസ്; ദൃശ്യങ്ങൾ വൈറലായതും പണി കിട്ടി; സംഭവം ബിഹാറിൽ
പട്ന: ബിഹാറിലെ കതിഹാർ ജില്ലയിൽ ഒരു റെസ്റ്റോറന്റിലിരിക്കുകയായിരുന്ന സഹോദരങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വ്യാപക വിമർശനം. സംഭവത്തെക്കുറിച്ച് വിശദീകരണം നൽകാൻ ബിഹാർ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കതിഹാറിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് സംഭവം നടന്നത്. സഹോദരങ്ങളായ യുവതീയുവാക്കളെ സമീപിച്ച പൊലീസ് ഉദ്യോഗസ്ഥർ അവരോട് അനാദരവോടെ സംസാരിക്കുന്നതും അലറുന്നതും വീഡിയോയിൽ കാണാം. 'ഇത് ആരാണ്?' എന്ന് ചോദിച്ച പൊലീസുകാരനോട്, 'ഇത് എന്റെ സഹോദരിയാണ്' എന്ന് യുവാവ് മറുപടി നൽകുന്നുണ്ട്. എന്നാൽ, ഇത് ശ്രദ്ധിക്കാതെ പൊലീസ് ഉദ്യോഗസ്ഥൻ അവരോട് ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു. യുവതി ഈ സംഭാഷണം വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ, റെക്കോർഡ് ചെയ്യുന്നത് നിർത്താൻ പൊലീസ് അവരോടും ആവശ്യപ്പെട്ടു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, സാധാരണക്കാരുടെ നേരെ പൊലീസ് യാതൊരു കാരണവുമില്ലാതെ അധികാരം പ്രയോഗിക്കുകയാണെന്ന പേരിൽ വലിയ പ്രതിഷേധം ഉയർന്നു. കതിഹാർ പൊലീസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിശദീകരണ പ്രസ്താവന ബിഹാർ പൊലീസ് റീഷെയർ ചെയ്തിട്ടുണ്ട്. ബർസോയ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇതിലുള്ളത്.
റെസ്റ്റോറന്റിൽ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും, പേരും വിലാസവും ചോദിച്ചപ്പോൾ സഹോദരങ്ങളായ യുവതിയും യുവാവും സഹകരിക്കാൻ തയ്യാറായില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നിരുന്നാലും, പൊലീസിന്റെ വിശദീകരണം പുറത്തുവന്നിട്ടും അവർക്കെതിരെയുള്ള വിമർശനം ശക്തമായി തുടരുകയാണ്.