കോണ്‍ഗ്രസ് അനുഭാവിയായ ബിസിനസുകാരനും ഭാര്യയും തൂങ്ങി മരിച്ചു; ഇഡി വേട്ടയെ തുടര്‍ന്നെന്ന് ആരോപിച്ചു കോണ്‍ഗ്രസ്; ആത്മഹത്യയില്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ബിജെപിയും

കോണ്‍ഗ്രസ് അനുഭാവിയായ ബിസിനസുകാരനും ഭാര്യയും തൂങ്ങി മരിച്ചു

Update: 2024-12-13 11:57 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിസിനസുകാരനും ഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് - ബിജെപി വാക്‌പോര്. നിരന്തരമായ ഇ.ഡി വേട്ട കാരണമാണ് ബിസിനസുമാകരന്‍ മരിച്ചതെന്ന് ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെതിരെയാണ് ബിജെപിയും രംഗത്തുവന്നത്. ആത്മഹത്യയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും ഭരണകക്ഷിയായ ബി.ജെ.പിയും തമ്മില്‍ രൂക്ഷമായ വാഗ്വാദം.

ഇന്ന് രാവിലെയാണ് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ സെഹോര്‍ ജില്ലയില്‍ അഷ്ട നഗരത്തിലെ വീട്ടില്‍ ബിസിനസുകാരനായ മനോജ് പാര്‍മറെയും ഭാര്യ നേഹയെയും സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കിടയില്‍ പാര്‍മര്‍ - നേഹ ദമ്പതികളുടെ മക്കള്‍ അവരുടെ സമ്പാദ്യ കുടുക്ക രാഹുലിന് കൈമാറിയത് വാര്‍ത്തയായിരുന്നു. ഇവരുടെ വീട്ടില്‍ ഇ.ഡി പലവട്ടം പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ദമ്പതികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ഇ.ഡി പാര്‍മറിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡോറിലെയും സെഹോറിലെയും അഞ്ചിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് ഇ.ഡി അവകാശപ്പെട്ടത്. 3.5 രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍മറെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

സംഭവസ്ഥലത്തുനിന്നും പാര്‍മറുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചെങ്കിലും ഉള്ളടക്കം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. മരണത്തിന് ഇ.ഡിയാണ് ഉത്തവാദി എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്ങും ജിതേന്ദ്ര പട്വാരിയും രംഗത്തുവന്നു. 'സര്‍ക്കാര്‍ കൊല' എന്നാണ് ജിതേന്ദ്ര പട്വാരി ദമ്പതികളുടെ ആത്മഹത്യയെ വിശേഷിപ്പിച്ചത്.

ഭാരത് ജോഡോ യാത്രയില്‍ പാര്‍മര്‍ ദമ്പതികളുടെ കുട്ടികള്‍ അവരുടെ സമ്പാദ്യം നല്‍കിയതു മുതല്‍ ഇവരെ ഇ.ഡി നോട്ടപ്പുള്ളിയാക്കിയിരിക്കുകയായിരുന്നുവെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഇ.ഡി പാര്‍മറെ വേട്ടയാടിയതെന്നും രാജ്യസഭ എം.പി ദിഗ്‌വിജയ് സിങ് ആരോപിച്ചു. മനോജ് പാര്‍മര്‍ക്കു വേണ്ടി താന്‍ അഭിഭാഷകനെ ഏര്‍പ്പെടാക്കിയിരുന്നുവെന്നും അദ്ദേഹം ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ആത്മഹത്യതെ രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇത് കോണ്‍ഗ്രസുകാരുടെ പഴയ കഴുകന്‍ സ്വഭാവമാണെന്നും സംസ്ഥാന ബി.ജെ.പിയുടെ മീഡിയ ഇന്‍ചാര്‍ജ് ആശിഷ് അഗര്‍വാള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനും അനന്തര നടപടികള്‍ക്കുമായി കൊണ്ടുപോയെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News