അടിവസ്ത്രം ധരിച്ചും മദ്യപിച്ചും പുകവലിച്ചും വെര്‍ച്വല്‍ നടപടിയിലേക്ക് അതിക്രമിച്ച് കയറി യുവാവ്; നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി; ഇയാള്‍ അന്‍പതിലധികം കേസുകളില്‍ പ്രതി

Update: 2025-10-05 00:29 GMT

ന്യൂഡല്‍ഹി: വെര്‍ച്വല്‍ കോടതിയുടെ ഓണ്‍ലൈന്‍ ഹിയറിംഗിനിടെ അനധികൃതമായി കടന്നുകയറിയ കേസില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ യുവാവ് പൊലീസ് പിടിയിലായി. മോഷണം, മാലപൊട്ടിക്കല്‍ തുടങ്ങി അന്‍പതിലധികം കേസുകളില്‍ പ്രതിയായ 32 കാരനായ മുഹമ്മദ് ഇമ്രാന്‍ എന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഗോകുല്‍പുരി സ്വദേശിയായ ഇമ്രാന്‍, സെപ്റ്റംബര്‍ 16നും 17നും നടന്ന ഓണ്‍ലൈന്‍ കോടതി നടപടികളില്‍ ''അകിബ് അഖ്ലാഖ്'' എന്ന വ്യാജ പേരില്‍ ലോഗിന്‍ ചെയ്തുകയറി. അടിവസ്ത്രം മാത്രം ധരിച്ച് മദ്യപിച്ചും പുകവലിച്ചും ഇരിക്കുന്ന ഇയാള്‍ സെഷന്‍ തടസ്സപ്പെടുത്തി എന്ന് പൊലീസ് അറിയിച്ചു.

കോടതിയിലെ ജീവനക്കാരന്‍ അന്‍ഷുല്‍ സിംഘാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റംബര്‍ 22ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും സെഷനില്‍നിന്ന് പുറത്തുപോകാന്‍ ഇയാള്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

കോടതിയുടെ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് പരിചയക്കാരില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും വെറും കൗതുകം കൊണ്ടാണ് പ്രവേശിച്ചതെന്നും ഇമ്രാന്‍ അന്വേഷണത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, റൂട്ടര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Tags:    

Similar News