ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; വരും മണിക്കൂറില്‍ ശക്തമാത മഴയ്ക്കും കാറ്റിനും സാധ്യത; തമിഴ്‌നാട് ജാഗ്രതയില്‍; പലയിടത്തും വെള്ളക്കെട്ട്; രണ്ട് മരണം; കേരളത്തിലും ജാഗ്രതാ നിര്‍ദേശം

Update: 2024-12-01 00:10 GMT

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ തമിഴ്‌നാട്ടിലടക്കം അതീവ ജാഗ്രത. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് , പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍ അതീവജാഗ്രതയിലാണ്. കനത്ത മഴയ്ക്കിടെ രണ്ട് പേര്‍ ചെന്നൈയില്‍ ഷോക്കേറ്റ് മരിച്ചത് ദുരന്തത്തിന്റെ തീവ്രതയേറ്റി. കരയിലേക്ക് അടുക്കുന്നതിനാല്‍ രാത്രി മഹാബലിപുരത്തിനും പുതുച്ചേരിക്കും ഇടയില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വലിയ നാശ നഷ്ടം ഉണ്ടാക്കിയെക്കും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനം. മഹാബലിപുരത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി. ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ വരെ അടച്ചു. പല ട്രെയിനുകളും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചു. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും പല റൂട്ടുകളിലും നിര്‍ത്തി. 2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഏത് സ്ഥിതിയും നേരിടാന്‍ സജ്ജമാണെന്ന് തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയത്. തീരദേശ ആന്ധ്രയിലും രായല്‍സീമയിലും മഴ കനക്കും. അതേസമയം ഫിന്‍ജാല്‍ ചുഴലിക്കറ്റിനെ തുടര്‍ന്നുള്ള മഴയില്‍ ശ്രീലങ്കയില്‍ മരണം 19 ആയിട്ടുണ്ട്.

ഫിന്‍ജാന്റെ വരവോടെ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.  ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍ തുലാവര്‍ഷം അതിശക്തമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പുതുച്ചേരിയില്‍ തീരം തൊട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തില്‍ തുലാവര്‍ഷത്തെ ഡബിള്‍ എഞ്ചിനാക്കുന്നത്. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബര്‍ ആദ്യവാരം കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കില്‍, നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News