വനാതിര്‍ത്തിയില്‍ നിന്നും പുറത്തുവരുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണം; പത്ത് വര്‍ഷത്തിനിടെ 1250 ആളുകള്‍ കേരളത്തില്‍ കൊല്ലപ്പെട്ടെന്ന് ഡീന്‍ കുര്യാക്കോസ് എംപി

വനാതിര്‍ത്തിയില്‍ നിന്നും പുറത്തുവരുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണം

Update: 2025-03-12 15:48 GMT

ന്യൂഡല്‍ഹി: വനാതിര്‍ത്തിയില്‍ നിന്നും പുറത്തുകടന്ന് മനുഷ്യനെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ലോക്‌സഭയില്‍ ഉന്നയിച്ചു ഡീന്‍ കുര്യാക്കോസ്. പത്ത് വര്‍ഷത്തിനിടെ 1250 ആളുകള്‍ കേരളത്തില്‍ തന്നെ കൊല്ലപ്പെട്ടുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ കഴിഞ്ഞ മാസം 20 ദിവസത്തിനിടെ അഞ്ചുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതുസംബന്ധിച്ച് രണ്ടു സര്‍ക്കാരുകളും പരസ്പരം പഴിപറഞ്ഞ് രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമണെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഏതു മൃഗത്തേയും കൊല്ലാന്‍ അനുമതി നല്‍കാവുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ നിയമ ഭോഗതിയിലൂടെ മാത്രമേ മൃഗങ്ങളെ കൊല്ലാന്‍ കഴിയുകയുള്ളൂ എന്നാണ് സംസ്ഥാനം പറയുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സംസ്ഥാന സര്‍ക്കാര്‍ നയമനുസരിച്ച് അനുമതി ലഭിച്ച ശേഷം മാത്രമേ മൃഗങ്ങളെ വകവരുത്താന്‍ അനുവദിക്കുകയുള്ളൂവെന്നും സംസ്ഥാനം പറയുന്നു.

വനത്തിന് പുറത്തുകടന്ന് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ഏതു മൃഗമാണെങ്കിലും അവയെ കൊല്ലാനുള്ള അനുമതി എല്ലാവര്‍ക്കും നല്‍കണം. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും അമേരിക്ക, ആസ്‌ട്രേലിയ, ചൈന, കാനഡ തുടങ്ങിയയിടങ്ങളില്‍ നായാട്ട് നിശ്ചിത സമയത്ത് അനുവദനീയമാണ്. അതുപോലെ നമ്മുടെ രാജ്യത്തും ഓരോ വനത്തിന്റെയും ശേഷിക്കപ്പുറത്തുള്ള മൃഗങ്ങളുടെ എണ്ണം പെരുകിയാല്‍ അവയെ കൊല്ലാനുള്ള അനുമതി പ്രാബല്യത്തില്‍ വരണം. ആ നിലയില്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Tags:    

Similar News