ഒരു ചായ കുടിച്ചപ്പോൾ ബിൽ വന്നത് 150 രൂപ; കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; വിമാനത്താവളങ്ങളില്‍ ഇനി ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില; ഒറ്റയാൾ പോരാട്ടത്തിന് അഭിനന്ദന പ്രവാഹം

Update: 2025-01-09 13:21 GMT

ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ ചായക്കും സ്നാക്സിനും ഉൾപ്പെടെ അമിത വില ഈടാക്കുന്നതിന് അറുതി വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ. വിമാനത്താവങ്ങളിൽ ഇനി മുതൽ ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില മാത്രം. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടൽ. ഇതോടെ അഡ്വ. ഷാജിയും ഒറ്റയാൾ പോരാട്ടം വിജയമാവുകയാണ്.

2019 മാർച്ചിലാണ് വിഷയത്തിൽ അഡ്വ. ഷാജി പോരാട്ടം ആരംഭിക്കുന്നത്. ഡൽഹിയിലേക്കുളള യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു അഡ്വ. ഷാജി കോടങ്കണ്ടത്ത്. വിമാനത്താവളത്തിൽ നിന്നും ചായ കുടിച്ചപ്പോൾ ബിൽ വന്നത് 150 രൂപ. മറ്റ് സ്റ്റാളിലും വില മാറ്റമില്ല. കട്ടൻചായയ്ക്ക് 100 രൂപയായിരുന്നു വില. ചെറിയൊരു കപ്പിലെ ചൂടുവെള്ളത്തിനും ടീ ബാഗിനുമാണ് ആ വില ഈടാക്കിയിരുന്നത് എന്നത് അഡ്വ. ഷാജിയെ നിരാശനാക്കി.

വർഷങ്ങളായി വിമാനത്താവളത്തിലെത്തുന്ന ഇന്ത്യക്കാരും വിദേശികളുമായ യാത്രക്കാർ കൊള്ളവിലക്കാണ് ചായ കുടിച്ചിരുന്നത്. ഈ പകൽക്കൊള്ളയ്ക്ക് അറുതി വരുത്തണമെന്ന ദൃഢനിശ്ചയമെടുത്താണ് വിമാനത്തിൽ കയറിയത്. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകി. ഈ വിഷയത്തിൽ സുപ്രീം കോടതി വരെ പോയി. എന്നാൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.

ഒടുവിൽ രണ്ടാഴ്ച മുൻപാണ് വർഷങ്ങൾ നീണ്ട പോരാട്ടത്തിന് നീതി ലഭിച്ചത്. എയർപോർട്ട് അതോറിറ്റി എല്ലാ വിമാനത്താവളങ്ങളിലേക്കും നിർദ്ദേശം നൽകി. ചായ 15 രൂപ, കാപ്പി 20, സ്‌നാക്‌സ് 15. നെടുമ്പാശേരിയിലും വില ക്രമീകരിച്ചെന്ന് സിയാൽ വ്യക്തമാക്കി. വെബ്‌സൈറ്റ് വഴിയും യൂ ട്യൂബിൽ കാണുന്നവരും ഷാജിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്. ചായ 150,കട്ടൻ ചായ 100 എന്ന കൊള്ള വിലയിൽ നിന്നും ചായ 15, കാപ്പി 20, സ്നാക്സ് 15 എന്ന ന്യായമായ നിരക്കായിരിക്കും ഇനി മുതൽ വിമാനത്താവളങ്ങളിലുണ്ടാവുക. 

Tags:    

Similar News