ഡല്‍ഹിയില്‍ കനത്ത മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി; ഗതാഗതക്കുരുക്കും രൂക്ഷം
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പെയ്ത ശക്തമായ മഴയുടെ ഫലമായി നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ഇതിനൊപ്പം ഗതാഗതക്കുരുക്കും വലിയ തോതില്‍ അനുഭവപ്പെടുകയായിരുന്നു. പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ നീങ്ങാനാകാതെ നീണ്ടുനില്‍ക്കേണ്ടി വന്നതോടെ ജനങ്ങള്‍ ഏറെ ദുരിതം അനുഭവിച്ചു. ഇന്നത്തേക്ക് പ്രത്യേകമായി മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും സമീപ ദിവസങ്ങളിലെപ്പോലെ തന്നെ നേരിയതോ മിതമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത കുറയാനാണ് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 8.30 വരെ കഴിഞ്ഞ 24 മണിക്കൂറിനിടെ സഫ്ദര്‍ജംഗ് കാലാവസ്ഥാ കേന്ദ്രത്തില്‍ 14.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ലോധി റോഡില്‍ 20.6 മില്ലിമീറ്റര്‍, പാലം കേന്ദ്രത്തില്‍ 19 മില്ലിമീറ്റര്‍, റിഡ്ജില്‍ 32.8 മില്ലിമീറ്റര്‍, പ്രഗതി മൈതാനില്‍ 38.9 മില്ലിമീറ്ററെന്നിങ്ങനെയാണ് വര്‍ഷമാപനം. ജൂലൈ മാസത്തിനുള്ളില്‍ ഇതുവരെ തലസ്ഥാനത്ത് പെയ്ത മൊത്തം മഴ 151.2 മില്ലിമീറ്ററാണ്. നഗരത്തില്‍ പൊതു ജീവിതം ദുസഹമാക്കുന്ന നിലയിലേക്കാണ് മഴയെത്തിയിരിക്കുന്നത്. നദികളും കനാലുകളും നിറയുന്നത് സംബന്ധിച്ച് അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.