സുഹൃത്തുക്കൾക്ക് മുന്നിൽ വെച്ച് വളർത്തുനായയെ 'ശർമ്മാജി' എന്ന് വിളിച്ചു; അയൽക്കാരന്റെ പേര് വളർത്തുനായയ്ക്കിട്ടതിനെ ചൊല്ലി തർക്കം; കേസെടുത്ത് പോലീസ്
ഭോപ്പാൽ: അയൽവാസിയുടെ പേര് വളർത്തുനായയ്ക്ക് നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് സംഘർഷത്തിൽ. ഇൻഡോറിലെ ശിവസിറ്റിയിലാണ് സംഭവം. അയൽക്കാരായ വീരേന്ദ്ര, കിരൺ ശർമ എന്നിവരുമായി വാക്കേറ്റത്തിലേർപ്പെട്ടതിനെത്തുടർന്നാണ് ഭൂപേന്ദ്ര സിംഗ് എന്നയാൾ തന്റെ വളർത്തുനായയ്ക്ക് 'ശർമ്മാജി' എന്ന് പേരിടുകയായിരുന്നു.
പലപ്പോഴും സുഹൃത്തുക്കൾക്ക് മുന്നിൽ വെച്ച് നായയെ 'ശർമ്മാജി' എന്ന് വിളിച്ച് അപമാനിക്കുന്നതായും വിരേന്ദ്ര ശർമ്മ ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് കിരൺ ശർമയും ഭൂപേന്ദ്ര സിംഗും തമ്മിൽ ഉടലെടുത്ത തർക്കം പിന്നീട് സംഘർഷത്തിലേക്ക് വഴിവെച്ചു. കിരൺ ശർമ്മയെ ഭൂപേന്ദ്ര സിംഗും മറ്റ് രണ്ട് പേരും ചേർന്ന് ശാരീരികമായി ആക്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
തുടർന്ന് പരിക്കേറ്റ ദമ്പതികൾ രാജേന്ദ്ര നഗർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.