മുട്ടുകുത്തി തല നിലത്ത് തൊട്ട് മാപ്പ് അപേക്ഷിക്കുന്ന ഒരാൾ; ചുറ്റും ഇതെല്ലാം കണ്ടുനിൽക്കുന്ന ആളുകൾ; ഉത്തർപ്രദേശിൽ നടുറോഡിൽ കാർഡ്രൈവറെ അപമാനിച്ച് ബിജെപി നേതാവ്
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ, വാഹനങ്ങളുടെ പാർക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരു ബിജെപി നേതാവ് കാർ ഡ്രൈവറെ പൊലീസുകാരുടെ മുന്നിലിട്ട് മുട്ടുകുത്തിച്ച് മാപ്പപേക്ഷിക്കാൻ നിർബന്ധിച്ചതായി ദൃശ്യങ്ങൾ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
ഉത്തർപ്രദേശ് ഊർജ്ജമന്ത്രി സോമേന്ദ്ര തോമറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ബിജെപി യുവനേതാവും മീററ്റ് സൗത്ത് മണ്ഡലത്തിലെ ജനപ്രതിനിധിയുമായി ബന്ധമുള്ളയാളുമായ വികുൽ ചപ്രാണ ഡ്രൈവറെ അപമാനിച്ചത്. മുട്ടുകുത്തി, തല നിലത്ത് തട്ടി മാപ്പ് യാചിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ബിജെപിയുടെ യഥാർത്ഥ മുഖമാണിതെന്നും, നേതാക്കൾ രാജാക്കന്മാരെപ്പോലെ പെരുമാറുന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.
സംഭവത്തിൽ പൊലീസിന്റെ നിഷ്ക്രിയത്വത്തെയും നിരവധിപേർ വിമർശിച്ചു. സംഭവത്തെക്കുറിച്ച് മീററ്റ് പൊലീസ് ഔദ്യോഗിക 'എക്സ്' പേജിലൂടെ പ്രതികരിച്ചിട്ടുണ്ട്. തർക്കത്തിൽ ഉൾപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.