പൊലീസിനെന്ത് എഡ് ഷീരാൻ.. മൈക്കും ഊരിമാറ്റി ഓടിച്ചു; ബെംഗളുരു സ്ട്രീറ്റിൽ സര്‍പ്രൈസായി പാടാനെത്തിയ എഡ് ഷീരാനെ തടഞ്ഞു; ഇടപെട്ടത് അനുമതിയില്ലാത്തതിനാലെന്ന് പൊലീസ്

Update: 2025-02-09 12:12 GMT

ബെംഗളുരു: ചർച്ച് സ്ട്രീറ്റിൽ സർപ്രൈസായി പാടാനെത്തിയ ഇതിഹാസ ഗായകൻ എഡ് ഷീരാനെ തടഞ്ഞ് ബെംഗളുരു പൊലീസ്. അനുമതി വാങ്ങിയിട്ടില്ലെന്ന കാരണത്താലാണ് പൊലീസ് ഗായകനെ തടഞ്ഞത്. രാവിലെ 11 മണിയോടെയാണ് പ്രമുഖ ബ്രിട്ടീഷ് ഗായകൻ എഡ് ഷീരാൻ ചർച്ച് സ്ട്രീറ്റിൽ പാടാനെത്തിയത്. ഗാനം ആലപിക്കവെ മൈക്കിന്റെ കണക്ഷൻ ഊരിമാറ്റിയ ശേഷം സ്ഥലം വിടാൻ നിർദ്ദേശിക്കുകയായിരുന്നു പൊലീസ്. ഒടുവിൽ നിരാശനായി എഡ് ഷീരാൻ മടങ്ങുകയായിരുന്നു.

സർപ്രൈസായി പാടാനെത്തിയ എഡ് ഷീരാനെ കണ്ട് ആള് കൂടിയിരുന്നു. പലരും അദ്ദേഹം പാടുന്നത് മൊബൈലിൽ പകർത്താനും തുടങ്ങി. പ്രസിദ്ധമായ 'ഷേപ്പ് ഓഫ് യൂ' പാടുന്നതിനിടെയാണ് പൊലീസുകാരൻ വന്ന് പാട്ട് നിർത്താൻ പറ‌ഞ്ഞത്. എഡ് ഷീരാനാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ അതൊന്നും കേട്ടില്ല. ഇതിനിടയിൽ കണ്ട് നിന്നവർ പൊലീസ് ഉദ്യോഗസ്ഥനെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. വന്നയുടൻ മൈക്കിലേക്കുള്ള കണക്ഷൻ ഊരി സ്ഥലം വിടാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. തുടർന്ന് പാട്ട് അവസാനിപ്പിച്ച് എഡ് ഷീരാനും ടീമും നിരാശയോടെ മടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വ്യാപക വിമര്‍ശനമാണ് ഇത് സംബന്ധിച്ച് നിരവധി ആളുകൾ ഉന്നയിക്കുന്നത്.

എന്നാൽ ആരോ പരാതിപ്പെട്ടതിനാലാണ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഗായകനും സംഘത്തിനും പൊതുസ്ഥലത്ത് പരിപാടി നടത്താനുള്ള അനുമതി ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ, അവർക്കത് ഉദ്യോഗസ്ഥരെ കാണിക്കാമായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം എഡ് ഷീരൻ ചെന്നൈയിൽ കണ്‍സേര്‍ട്ട് നടത്തിയിരുന്നു. ഇതിനിടെ ഇതിഹാസ സംഗീത സംവിധായകന്‍ എആർ റഹ്മാന്‍ സർപ്രൈസായി വേദിയില്‍ എത്തി. സർപ്രൈസായി നടന്ന അവതരണത്തില്‍ ഷീരാന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ഷേപ്പ് ഓഫ് യുവും, റഹ്മാന്‍റെ ഉർവശി ഉർവ്വശിയും മാഷപ്പ് ചെയ്ത് വേദിയില്‍ അവതരിപ്പിച്ച വീഡിയോ വലിയ ശ്രദ്ധനേടിയിരുന്നു. ഗ്രാമി അവാര്‍ഡുകള്‍ അടക്കം നേടിയ ഗായകനാണ് ഷീരൻ. 

Tags:    

Similar News