ആർമി ക്യാന്റീനിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പറ്റിക്കും; നിരവധിപ്പേരിൽ നിന്ന് പണം തട്ടി; ഒടുവിൽ വ്യാജ ആർമിക്കാരനെ കൈയ്യോടെ പൊക്കി സ്പെഷ്യൽ ടാസ്ക് ഫോഴ്സ്; സംഭവം ആഗ്രയിൽ
ആഗ്ര: കരസേനായിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പണം തട്ടിയ വ്യാജ ആർമി ഉദ്യോഗസ്ഥൻ പിടിയിൽ. വ്യാജൻ ചമഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്തിയ യുവാവിനെ ആഗ്രയിൽ വെച്ച് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞും ഇയാൾ നിരവധി പേരിൽ നിന്നും പണം വാങ്ങിയതായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തുടർന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പ്രതിയെ വലയിൽ കുടുക്കുകയായിരുന്നു.
യുപി യിലെ മധുര സ്വദേശിയായ വിക്രം സിങ് എന്നയാളാണ് പിടിയിലായത്. വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് സൈനിക മേഖലകളിൽ ഇയാൾ കടന്നുകയറിയതായും സൈനിക ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കിത്തരാമെന്ന് പറഞ്ഞും സൈനിക ക്യാന്റീനിൽ ജോലി വാഗ്ദാനം ചെയ്തും നിരവധിപ്പേരിൽ നിന്ന് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ വഴിയിൽ വെച്ച് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിന്റെയും യുവാവ് കുറ്റങ്ങൾ സമ്മതിക്കുന്നതിന്റെയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് വഴിയിൽ കാത്തു നിന്ന എസ്.ടി.എഫ് അംഗങ്ങൾ ഇയാളെ അറസ്റ്റ് ചെയ്തത്.