'ടിക്കറ്റിന് ഞാൻ വൻ തുക നൽകി, മെസ്സിയുടെ മുഖം പോലും കണ്ടില്ല'; എവിടെ നോക്കിയാലും നേതാക്കൾ; സ്‌റ്റേഡിയത്തിലെ കാര്‍പെറ്റ് എടുത്ത് ആരാധകന്‍; വൈറലായി വീഡിയോ

Update: 2025-12-14 10:45 GMT

കൊൽക്കത്ത: ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഒരുക്കിയ പരിപാടി അലങ്കോലമായിരുന്നു. ടിക്കറ്റെടുത്ത് പരിപാടിക്കെത്തിയ ആരാധകർക്ക് മെസ്സിയെ കാണാൻ കഴിയാതെ വന്നതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് 'ഗോട്ട് ടൂർ ഇന്ത്യ' പരിപാടിയുടെ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സത്രാദു ദത്തയെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ മെസ്സിക്കായി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു പരിപാടി ഒരുക്കിയിരുന്നത്. എന്നാൽ, മെസ്സി ഗ്രൗണ്ടിലെത്തിയപ്പോൾ രാഷ്ട്രീയക്കാർ, വിശിഷ്ട വ്യക്തികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടക്കം നൂറിലധികം വി.ഐ.പികൾ അദ്ദേഹത്തെ വളയുകയായിരുന്നു. ഇതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർക്ക് മെസ്സിയെ അടുത്ത് കാണാൻ പോലും അവസരം ലഭിച്ചില്ല. കേവലം 20 മിനിറ്റിനുള്ളിൽ സൂപ്പർതാരം ഗ്രൗണ്ട് വിടുകയും ചെയ്തു.

ഇതിൽ രോഷാകുലരായ ആരാധകർ സ്റ്റേഡിയത്തിലെ കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ബാനറുകൾ കീറുകയും ചെയ്തു. "ടിക്കറ്റിന് ഞാൻ 10,000 രൂപ നൽകി, പക്ഷെ ലയണൽ മെസ്സിയുടെ മുഖം പോലും കാണാൻ കഴിഞ്ഞില്ല. നേതാക്കളുടെ മുഖം മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. പരിശീലനത്തിനായി ഞാൻ ഈ കാർപെറ്റ് വീട്ടിലേക്ക് കൊണ്ടുപോകുന്നു," എന്ന് പറഞ്ഞ് ടിക്കറ്റ് തുകയ്ക്ക് നഷ്ടപരിഹാരമെന്ന നിലയിൽ സ്റ്റേഡിയത്തിലെ കാർപെറ്റ് തോളിലേറ്റി വീട്ടിലേക്ക് കൊണ്ടുപോയ ഒരു ആരാധകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അതേസമയം, കൊൽക്കത്തയിൽ നിന്ന് നേരിട്ട് ഹൈദരാബാദിലെത്തിയ മെസ്സിക്ക് അവിടെ മികച്ച സ്വീകരണമാണ് ലഭിച്ചത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന പരിപാടി വളരെ ആസൂത്രിതമായും അച്ചടക്കത്തോടെയുമാണ് സംഘടിപ്പിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ഗ്രൗണ്ടിലെത്തിയ മെസ്സി ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് സത്രാദു ദത്തയെ അറസ്റ്റ് ചെയ്തതെങ്കിലും, ടിക്കറ്റ് തുക തിരികെ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News