കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കായി; സഹോദരങ്ങളായ നാല് കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു; മാതാപിതാക്കൾ മരണവാർത്തയറിഞ്ഞത് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ
അഹമ്മദാബാദ്: കാറിനുള്ളിൽ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിനരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കാകുകയായി പുറത്ത് കടക്കാൻ കഴിയാതെ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടികളുടെ മരണ വാർത്ത മാതാപിതാക്കൾ അറിഞ്ഞത്. സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാൾക്ക് ഏഴ് മക്കളാണുള്ളത്.
സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത് മധ്യപ്രദേശ് സ്വദേശിയായ ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ ജോലിക്ക് പോകാറുണ്ടായിരുന്നത്. പതിവ് പോലെ കുട്ടികളെ വീട്ടിലാക്കി ദമ്പതികൾ ഫാമിൽ ജോലിക്ക് പോയി. സംഭവ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു.
രാവിലെ രക്ഷിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോൽ കുട്ടികൾക്ക് ലഭിച്ചു. ഇതോടെ കുട്ടികൾ കാറിനുള്ളിൽ കയറി കളിക്കുന്നതിനിടെടെ കാർ ലോക്കായി. തുടർന്ന് നാല് കുട്ടികൾ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കാർ ഉടമസ്ഥൻ ബോധരഹിതരായി കിടക്കുന്ന കുട്ടികളെ കണ്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അംറേലി പോലീസ് അതികൃതർ സംഭവ സ്ഥലത്തെത്തി അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അതികൃതർ പറഞ്ഞു. കടുത്ത ചൂടിൽ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.