ഭക്ഷണ പാക്കറ്റുകൾക്കുള്ളിൽ വാക്വം സീൽ ചെയ്ത് മറ്റൊരു പായ്ക്കറ്റ്; വിമാന യാത്രികരുടെ ലഗേജിൽ നിന്നും പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ്; രണ്ട് ഇന്ത്യൻ പൗരന്മാർ പിടിയിൽ

Update: 2024-11-02 12:02 GMT

ഹൈദരാബാദ്: വിമാന യാത്രികരുടെ ലഗേജ് പരിശോധനയിൽ റവന്യൂ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത് ഹൈഡ്രോപോണിക് കഞ്ചാവ്. ഭക്ഷണ പാക്കറ്റുകളിൽ കടത്താൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്. വിപണിയില്‍ ഏകദേശം ഏഴ് കോടി വിലമതിക്കുന്ന കഞ്ചാവാണ് ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് ഏഴ് കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. ബാങ്കോക്കിൽ നിന്നെത്തിയ രണ്ട് ഇന്ത്യൻ പൗരന്മാരെ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ ഭക്ഷ്യധാന്യങ്ങളുടെ പാക്കറ്റുകൾക്കുള്ളില്‍ ഒളിപ്പിച്ച 13 വാക്വം സീൽ ചെയ്ത് പായ്ക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. ഇവ ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ശേഷം യാത്രക്കാരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട്, 1985 പ്രകാരം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

നഗരത്തിൽ അനധികൃത മയക്കുമരുന്ന് ശൃംഖലയെ തെലങ്കാന ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രൊഹിബിഷൻ ആൻഡ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളത്തിലും റെയ്ഡ് നടന്നത്.

ബുധനാഴ്ച സെക്കന്തരാബാദിലെ ജിവി സലൂജ ആശുപത്രിയിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഫെൻ്റനൈൽ, കെറ്റാമൈൻ ഹൈഡ്രോക്ലോറൈഡ്, പെൻ്റസോസിൻ, മിഡസോലം തുടങ്ങിയ നിയന്ത്രിത പദാർത്ഥങ്ങൾ വൻതോതിൽ കണ്ടെത്തിയിരുന്നു. 

Tags:    

Similar News