വാദ്യമേളവുമായി പുറപ്പെട്ട വരനും സംഘവും അട്ടാരിയിൽ കുടുങ്ങി; വിവാഹം നടക്കാൻ അതിർത്തി തുറക്കണം; വധു പാക്കിസ്ഥാനിൽ കാത്തിരിക്കുന്നു; കുടുംബത്തിന് എട്ടിന്റെ പണി!
ഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ- പാക്ക് അതിർത്തി അടച്ചതോടെ വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ വരനും പാകിസ്ഥാൻകാരിയായ വധുവും. പാക്കിസ്ഥാനിലെ അമർകോട്ടിൽ വിവാഹം നടത്താനായിരുന്നു പ്ലാൻ. വിവാഹത്തിനായി വാദ്യമേളവുമായി പുറപ്പെട്ട വരനും സംഘവും നിലവിൽ അട്ടാരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. ജയ്പൂരിലെ ശൈത്താൻ സിങ്ങും പാകിസ്ഥാൻകാരി വധു കേസർ കന്വറിനും തമ്മിലുള്ള വിവാഹമാണ് അനിശ്ചിതത്വത്തിൽ ഇപ്പോഴും തുടരുന്നത്.
കഷ്ടപ്പെട്ടാണ് വിവാഹാവശ്യത്തിനായി പോകാൻ ശൈത്താനും വീട്ടുകാർക്കും പാകിസ്ഥാനിലേക്കുള്ള വിസയടക്കം സംഘടിപ്പിച്ചത്. പക്ഷെ വിവാഹത്തിനുള്ള തീയതിയുമെടുത്ത് പോകാനൊരുങ്ങവേ അട്ടാരി അതിർത്തി അടയ്ക്കുകയായിരുന്നു. അതേ സമയം മെയ് 12 വരെയാണ് വിസയ്ക്കുള്ള കാലാവധിയുള്ളത്. ഇതിനു മുൻപേ അതിർത്തി തുറന്നാൽ അപ്പോൾ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് ഇരു കുടുംബങ്ങളും.
അതിർത്തി അടച്ചതോടെ വിവാഹത്തിനായി വരന്റെ അടുത്ത ബന്ധുക്കൾക്കൊപ്പമിറങ്ങിയ മറ്റു കൂട്ടുകാരും ബന്ധുക്കളും തിരിച്ചു പോകുമെന്ന അവസ്ഥയിലാണ്. പാക്കിസ്ഥാനിൽ ഇന്ത്യൻ വിസകൾ റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്ഥാനിൽ നിന്നും 3 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 450 ലേറെ പേരെന്ന് കണക്കുകൾ.