യാത്രക്കാരിക്ക് നൽകിയത് വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ്; ഇൻഡിഗോ എയർലൈൻസിന് 1.5 ലക്ഷം രൂപ പിഴ; സേവന വീഴ്ചയെന്ന് ഉപഭോക്തൃ കമ്മീഷൻ

Update: 2025-08-10 10:37 GMT

ന്യൂഡൽഹി: യാത്രക്കാരിക്ക് വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ് നൽകിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് ഒന്നര ലക്ഷം രൂപ പിഴ. സേവനത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി ന്യൂഡൽഹി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. യാത്രക്കാരിക്ക് നേരിടേണ്ടി വന്ന സേവനത്തിലെ പോരായ്മ മൂലം അവർ അനുഭവിച്ച അസ്വസ്ഥതക്കും മാനസിക പ്രയാസവും കണക്കിലെടുത്താണ് വിധി. പുറമെ കേസിന് ചെലവായ 25,000 രൂപ നൽകാനും ഫോറം ഉത്തരവിട്ടു.

ഈ വർഷം ജനുവരി രണ്ടിന് അസർബൈജാനിലെ ബാക്കുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് പിങ്കി എന്ന യാത്രക്കാരിക്ക് ദുരനുഭവം നേരിട്ടത്. തനിക്ക് അനുവദിച്ച ഇരിപ്പിടം അങ്ങേയറ്റം വൃത്തിഹീനവും കറകൾ നിറഞ്ഞതുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള തന്റെ പരാതി എയർലൈൻ അധികൃതർ അവഗണിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.

എന്നാൽ, വാദത്തെ എതിർത്ത് പിങ്കി നേരിടുന്ന പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്നും അവർക്ക് മറ്റൊരു സീറ്റ് നൽകിയതായും എയർലൈൻസ് പറഞ്ഞു. അതിലവർ സ്വമേധയാ യാത്ര ചെയ്ത് ഡൽഹിയിലേക്കുള്ള യാത്ര പൂർത്തിയാക്കിയതായും പറഞ്ഞു. ലഭ്യമായ തെളിവുകളുടെ പരിശോദിച്ച കമ്മീഷൻ ഇൻഡിഗോ എയർലൈൻസ് സേവനത്തിലെ പോരായ്മക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. 'സിറ്റുവേഷൻ ഡാറ്റ ഡിസ്‌പ്ലേ' (SDD) റിപ്പോർട്ട് ഹാജരാക്കുന്നതിൽ എയർലൈൻസ് പരാജയപ്പെട്ടുവെന്ന് ജൂലൈ 9-ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

വിവിമാന പ്രവർത്തന നിരീക്ഷണത്തിനും യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന ഒരു നിർണായക രേഖയാണ് എസ്.എസ്.ഡി റിപ്പോർട്ട്. ഈ രേഖയുടെ അഭാവം എതിർകക്ഷിയുടെ പ്രതിരോധത്തെ ഗണ്യമായി ദുർബലപ്പെടുത്തിയെന്ന് കമ്മീഷൻ വിലയിരുത്തി. നഷ്ടപരിഹാരത്തുകയായ 1.5 ലക്ഷം രൂപയ്ക്ക് പുറമെ, കേസ് നടത്തിപ്പിനായി ചെലവായ 25,000 രൂപയും പിങ്കിക്ക് നൽകണമെന്ന് പൂനം ചൗധരി, ബാരിഖ് അഹമ്മദ്, ശേഖർ ചന്ദ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

Tags:    

Similar News