ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും വമ്പന്‍ അവസരം; രണ്ട് ലക്ഷം രൂപ ശമ്പളം: തൊഴിലാളികളെ തേടി ഇന്ത്യയെ സമീപിച്ച് ഇസ്രയേല്‍

തൊഴിലാളികളെ തേടി ഇന്ത്യയെ സമീപിച്ച് ഇസ്രയേല്‍

Update: 2024-09-11 03:23 GMT

ദില്ലി: അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളില്‍ തൊഴിലാളികളെ തേടി ഇന്ത്യയെ സമീപിച്ച് ഇസ്രായേല്‍. 10,000 നിര്‍മാണ തൊഴിലാളികളെയും 5,000 പരിചരണം നല്‍കുന്നവരെയും നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും.

നിര്‍മ്മാണ തൊഴിലാളികള്‍ക്കായുള്ള റിക്രൂട്ട്മെന്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. നിര്‍മാണത്തൊഴിലാളികള്‍ക്ക് പുറമേ 5,000 ആരോഗ്യപ്രവര്‍ത്തകരെയും റിക്രൂട്ട് ചെയ്യാനും ഇസ്രയേല്‍ ശ്രമിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ഒരു അംഗീകൃത ഇന്ത്യന്‍ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പുറമെ, 990 മണിക്കൂര്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടുന്ന ഒരു കെയര്‍ഗിവിംഗ് കോഴ്സും ഉണ്ടായിരിക്കണം.

ഈ വര്‍ഷമാദ്യം നിര്‍മ്മാണ തൊഴിലാളികള്‍ക്കായുള്ള റിക്രൂട്ട്മെന്റ് ഡ്രൈവില്‍ മൊത്തം 16,832 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 10,349 പേരെ തെരഞ്ഞെടുത്തു. വിജയികളായ ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഭക്ഷണം, താമസം, കൂടാതെ പ്രതിമാസ ബോണസ് എന്നിവയ്ക്കൊപ്പം 1.92 ലക്ഷം രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. 2023 നവംബറില്‍ ഒപ്പുവച്ച കരാറിനെ തുടര്‍ന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് അന്ന് റിക്രൂട്ട്‌മെന്റ് നടത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട റിക്രൂട്ട്മെന്റ്.

Tags:    

Similar News