ബി ആര്‍ ഗവായ് 52-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മേയ് 14 ന്; ഗവായിക്ക് കാലാവധി ആറ് മാസത്തോളം; ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന രണ്ടാമത്തെ ദളിത് വ്യക്തി

ബി ആര്‍ ഗവായ് 52-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മേയ് 14 ന്; ഗവായിക്ക് കാലാവധി ആറ് മാസത്തോളം

Update: 2025-04-16 10:23 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസാകാന്‍ ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായിയെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഖന്ന മേയ് 13നാണ് വിരമിക്കുന്നത്. ജസ്റ്റിസ് ഗവായ് മേയ് 14ന് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.

2025 നവംബറില്‍ വിരമിക്കുന്ന ജസ്റ്റിസ് ഗവായ് ഏകദേശം ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദലിത് വ്യക്തിയായിരിക്കും ജസ്റ്റിസ് ബി.ആര്‍. ഗവായ്. സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍, ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2016 ലെ മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം ശരിവെച്ചതും ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതും അടക്കം ജസ്റ്റിസ് ഗവായി ഉള്‍പ്പെട്ട ബെഞ്ചാണ്.

1960 നവംബര്‍ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ച ഗവായ് 1985 ല്‍ തന്റെ നിയമ ജീവിതം ആരംഭിച്ചു. മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈകോടതി ജഡ്ജിയുമായിരുന്ന പരേതനായ രാജ എസ്. ബോണ്‍സാലെയോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം 1987 ല്‍ ബോംബെ ഹൈകോടതിയില്‍ സ്വതന്ത്ര പ്രാക്ടീസ് ആരംഭിച്ചു. 1992 ആഗസ്റ്റില്‍ ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. പിന്നീട് 2000-ല്‍ അതേ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി.

2003 നവംബര്‍ 14ന് ബോംബെ ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഗവായ് 2005ല്‍ സ്ഥിരം ജഡ്ജിയായി. ബോംബൈയിലെ ഹൈകോടതിയുടെ പ്രിന്‍സിപ്പല്‍ സീറ്റിലും നാഗ്പൂര്‍, ഔറംഗാബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2019 മെയ് 24 ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

Tags:    

Similar News