മധ്യപ്രദേശില്‍ ആള്‍ദൈവത്തിന്റെ ആത്മീയ യാത്രയിലെ അപകടം: തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഏഴായി

മധ്യപ്രദേശില്‍ ആള്‍ദൈവത്തിന്റെ ആത്മീയ യാത്രയിലെ അപകടം

Update: 2025-08-07 13:38 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ കുബേരേശ്വര്‍ ധാമില്‍ പുത്തന്‍ ആള്‍ ദൈവം സംഘടിപ്പിച്ച ഭക്തരുടെ റാലിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗോരഖ്പൂരില്‍ നിന്നുള്ള ഉപേന്ദ്ര (22), റായ്പൂരിലെ നിന്നുള്ള ദിലീപ് സിംഗ് (57) എന്നിവരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ചു പേരും മണപ്പെട്ടു.

പ്രഖ്യാപിത ആള്‍ദൈവം പണ്ഡിറ്റ് പ്രദീപ് മിശ്ര സംഘടിപ്പിച്ച കന്‍വാര്‍ യാത്രയ്ക്കായി ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്. യാതൊരു നിയമ പാലനവും നിയന്ത്രണവും ഇല്ലാതെ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നു. മുന്‍കരുതല്‍ ഒന്നുമില്ലാതെ തിക്കിലും തിരക്കിലും ദുരന്ത ഭീതി തുടരുന്നു. കുടിവെള്ളം, ഭക്ഷണം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ണ്ണമായ തകര്‍ച്ച പ്രദേശവാസികള്‍ക്കും ഭീഷണിയായി.

മൂന്ന് ലക്ഷത്തോളം പേര്‍ യാത്രയില്‍ പങ്കാളികളാവുന്നാതായാണ് വിവരം. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തി നാടകീയതയോടെയാണ് പരിപാടി. സിവാന്‍ നദിയില്‍ നിന്ന് കുബേരേശ്വര്‍ ധാമിലേക്ക് 11 കിലോമീറ്റര്‍ ആയിരുന്നു ആദ്യ ദിവസത്തെ യാത്ര. നദിയില്‍ നിന്ന് കുടത്തില്‍ വെള്ളമെടുത്താണ് യാത്ര. സാരോപദേശ കഥകള്‍ പറഞ്ഞാണ് പ്രദീപ് മിശ്ര ഭക്തരെ ആകര്‍ഷിക്കുന്നത്.

പ്രതിഷേധം ഉയര്‍ന്നതോടെ മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ (എംപിഎച്ച്ആര്‍സി) ആക്ടിംഗ് ചെയര്‍പേഴ്സണ്‍ രാജീവ് ടണ്ടന്‍ സെഹോര്‍ കളക്ടറോടും എസ്പിയോടും അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മരണങ്ങള്‍ എല്ലാം രോഗബാധ മൂലമാണെന്നാണ് പൊലീസ് വിശദീകരണം.

ചൊവ്വാഴ്ച കുബേരേശ്വര്‍ ധാമിലെ ചിതവാലിയ ഹേമ ഗ്രാമത്തില്‍ 'രുദ്രാക്ഷ' വിതരണ ചടങ്ങിനിടെയാണ് ആദ്യ മരണങ്ങള്‍ റിപ്പോര്‍ട് ചെയ്തത്. 10 സ്ത്രീകള്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകരുടെ പ്രധാന പാതയായ ഇന്‍ഡോര്‍-ഭോപ്പാല്‍ ഹൈവേ ചൊവ്വാഴ്ച രാത്രി മുതല്‍ സ്തംഭിച്ചിരിക്കുകയാണ്.

Tags:    

Similar News