താക്കറെ സഹോദരന്മാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കമന്റിട്ടു; യുവാവിനെ ക്രൂരമായി മർദ്ദിച്ചു; തുണിയുരിഞ്ഞ് റോഡിലൂടെ വലിച്ചിഴച്ച് എംഎൻഎസ്-ശിവസേന പ്രവർത്തകർ; വീഡിയോ വൈറൽ
മുംബൈ: താക്കറെ സഹോദരങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയ യുവാവിന് മർദ്ദനം. മഹാരാഷ്ട്ര നവനിർമാൺ സേനയുടെയും (എം.എൻ.എസ്) ശിവസേനയുടെ (ഉദ്ധവ് ബാലസാഹേബ് താക്കറെ വിഭാഗം) പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദിക്കുകയും നഗ്നനാക്കി ഒന്നര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നളസൊപ്പാറ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സൂരജ് മഹേന്ദ്ര ഷിർക്കെ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. രാജ് താക്കറെ, ഉദ്ദവ് താക്കറെ, ആദിത്യ താക്കറെ എന്നിവർക്കെതിരെ ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും അപമാനകരവും അശ്ലീലവുമായ പോസ്റ്റുകൾ ഇയാൾ പങ്കുവെച്ചുവെന്നാണ് അക്രമികളുടെ ആരോപണം. രാഷ്ട്രീയ നേതാക്കളുടെ സത്യസന്ധതയെ ചോദ്യം ചെയ്തത് അനുയായികളെ പ്രകോപിപ്പിച്ചുവെന്നും അവർ പറയുന്നു. ആക്രമണം ഭയന്ന് സൂരജ് ഒളിവിൽ പോയിരുന്നു.
എന്നാൽ, ഇയാൾ നളസൊപ്പാറ പ്രദേശത്ത് ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എം.എൻ.എസ് സബ് ഡിവിഷണൽ പ്രസിഡൻറ് കിരൺ നകാഷെയും കൂട്ടാളികളും ഇവിടെയെത്തി ആക്രമണം നടത്തുകയായിരുന്നു. വസ്ത്രമുരിഞ്ഞ് ഒന്നര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചതായാണ് വിവരം. തങ്ങളുടെ നേതാക്കളെ ദൈവങ്ങളായി കണക്കാക്കുന്ന അനുയായികൾക്കെതിരെ അശ്ലീല ഭാഷ ഉപയോഗിക്കുന്ന ആർക്കും അതിന്‍റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അക്രമികൾ ഭീഷണി മുഴക്കിയിട്ടുണ്ട്. നിലവിൽ, നളസൊപ്പാറ പ്രദേശത്ത് ക്രമസമാധാന പാലനത്തിനായി പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.