മണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ല; ഇംഫാല്‍ വെസ്റ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; അഭയാര്‍ഥി ക്യാമ്പില്‍ കുക്കികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കാണാതായ സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
മണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ല
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 4.30 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നിലവിലെ ക്രമസമാധാനനില കണക്കിലെടുത്താണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
നവംബര്‍ 16 മുതല്‍ രാവിലെ 5 മുതല്‍ രാത്രി 8 വരെ കര്‍ഫ്യൂവില്‍ ഇളവ് നല്‍കി നവംബര്‍ 15ന് അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആരോഗ്യം, വൈദ്യുതി, മാധ്യമം, പെട്രോള്‍ പമ്പ്, വിമാന യാത്രക്കാര്‍, എയര്‍പോര്‍ട്ട് എന്‍ട്രി പെര്‍മിറ്റ് (എ.ഇ.പി) കാര്‍ഡുള്ള കരാറുകാര്‍/തൊഴിലാളികള്‍ അടക്കമുള്ള അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, അഭയാര്‍ഥി ക്യാമ്പില്‍ കുക്കികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാണാതായ ആറ് പേരില്‍ സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തീവ്രവാദികള്‍ തട്ടികൊണ്ടു പോയ മണിപ്പൂര്‍-അസം അതിര്‍ത്തിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
നവംബര്‍ 11-ാം തീയതി ഒരു സംഘം ഭീകരര്‍ ബോരേബേക്‌റയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ 11 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ ക്യാമ്പ് ആക്രമിച്ച് മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തട്ടികൊണ്ടു പോവുകയായിരുന്നു. ഇനിയും രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും കണ്ടെത്താനുണ്ട്.
മണിപ്പൂരില്‍ കുക്കികളും മെയ്‌തേയികളും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുകയാണ്. സംഘര്‍ഷത്തിന് അറുതി വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിഷ്‌ക്രിയ അവസ്ഥക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.