സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇന്റര്‍നെറ്റിന് നിരോധനം: അക്രമ സംഭവങ്ങള്‍ വ്യാപകമായതോടെ ഇംഫാലില്‍ കര്‍ഫ്യൂ
സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇന്റര്‍നെറ്റിന് നിരോധനം
ഇംഫാല്‍: വീണ്ടും സംഘര്‍ഷ ഭൂമിയായി മണിപ്പൂര്‍. അക്രമ സംഭവങ്ങള്‍ ഉയര്‍ന്നതോടെ മണിപ്പൂരില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂര്‍ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.
ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഫാല്‍ താഴ്വരയില്‍ അക്രമ സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സായുധ സംഘം തട്ടിക്കൊണ്ടുപോയ ആറ് പേരുടെ മൃതദേഹങ്ങള്‍ ജിരിബാമില്‍ കണ്ടെത്തിയിരുന്നു. മണിപ്പൂര്‍-അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാം ജില്ലയിലെ ജിരിമുഖ് എന്ന വിദൂര ഗ്രാമത്തിലെ നദിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ഇംഫാല്‍ താഴ്വരയുടെ ചില ഭാഗങ്ങളില്‍ ജനക്കൂട്ടം നിരവധി എംഎല്‍എമാരുടെ വസതികളിലേക്ക് ഇരച്ചുകയറുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.