പിക്ക് അപ്പ് ഡ്രൈവറുടെ അപകടമരണം; അക്രമാസക്തരായ ആള്‍ക്കൂട്ടം മേഘാലയയില്‍ സിമന്റ് കമ്പനിയുടെ 15 ട്രക്കുകള്‍ കത്തിച്ചു

മേഘാലയയില്‍ സിമന്റ് കമ്പനിയുടെ 15 ട്രക്കുകള്‍ കത്തിച്ചു

Update: 2025-05-20 06:18 GMT

ഷില്ലോങ്: മേഘാലയയില്‍ ട്രക്കിടിച്ച് 20കാരന്‍ മരിച്ചതിന് പിന്നാലെ അക്രമാസക്തമായ ജനക്കൂട്ടം സിമന്റ് കമ്പനിയുടെ 15 ട്രക്കുകള്‍ കത്തിച്ചു. ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ ലുംഷ്നോങ് പ്രദേശത്താണ് യുവാവിനെ സിമന്റ് ട്രക്ക് ഇടിച്ചത്. ഇതിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം സ്റ്റാര്‍ സിമന്റിന്റെ പതിനഞ്ച് ട്രക്കുകള്‍ കത്തിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

വഹിയാജറിന് സമീപം എന്‍എച്ച് -06 ല്‍ ഒരു പ്രദേശവാസി ഓടിച്ചിരുന്ന സ്റ്റാര്‍ സിമന്റിന്റെ ട്രക്ക് ഒരു പിക്ക്-അപ്പ് വാനുമായി കൂട്ടിയിടിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പിക്ക്-അപ്പ് വാഹനത്തിന്റെ ഡ്രൈവറും ട്രക്ക് ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായി. പിക്ക്-അപ്പ് വാഹനത്തിന്റെ ഡ്രൈവര്‍ ട്രക്കില്‍ കയറി ഡ്രൈവറെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കവേ രക്ഷപ്പെടാന്‍ ട്രക്ക് ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തു. ഡ്രൈവര്‍ വേഗത കൂട്ടിയതോടെ 20കാരന്‍ ട്രക്കിനടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ട്രക്കിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

പ്രദേശവാസികള്‍ ഡ്രൈവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഒരുകൂട്ടം നാട്ടുകാര്‍ സിമന്റ് കമ്പനി പരിസരത്തേക്ക് ഇരച്ചുകയറി. കമ്പനിയുടെ സിസിടിവി സംവിധാനങ്ങള്‍ നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. 20കാരന്റെ മൃതദേഹം റോഡില്‍ നിന്നും നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ് മൃതദേഹം ഖ്‌ലൈഹ്രിയത്ത് സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സിമന്റ് ഫാക്ടറി കോമ്പൗണ്ടിനകത്തും പുറത്തും നിര്‍ത്തിയിട്ടിരുന്ന 15 ട്രക്കുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു. അഗ്‌നിശമന സേനാംഗങ്ങളെ നാട്ടുകാര്‍ തടയുകയും അവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിനു നേരെയും ആക്രമണം ഉണ്ടായി. കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി രാത്രി വൈകി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

Tags:    

Similar News